ആദ്യമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചവർക്കും, നവദേശ സ്നേഹികൾക്കും അബദ്ധങ്ങളുടെ ഘോഷയാത്ര
തിരുവനന്തപുരം : സ്വാതന്ത്ര്യം ലഭിച്ചു 75 വർഷത്തിന് ശേഷം ആദ്യമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചവർക്കും , നവ ദേശ സ്നേഹികൾക്കും പതാക ഉയുർത്തുന്നതിലും ദേശീയ ഗാനം ആലപിക്കുന്നതിലും അബദ്ധങ്ങളുടെ ഘോഷയാത്ര . ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫിസില്‍ പാർട്ടി അധ്യക്ഷൻ കെ.സുരേന്ദ്രൻ ആദ്യം പതാക ഉയര്‍ത്തിയത് തലതിരിഞ്ഞായിരുന്നു. അബദ്ധം മനസ്സിലായ ഉടന്‍ തിരുത്തി. സുരേന്ദ്രനോടൊപ്പം മുൻ കേന്ദ്ര മന്ത്രി ഒ രാജ ഗോപാലും ഉണ്ടായിരുന്നു . അഞ്ച് വർഷം വാജ്‌പേയ് മന്ത്രി സഭയിൽ ഉണ്ടായിരുന്നപ്പോൾ ഓഫിസിലും വാഹനത്തിലും ഏതു സമയത്തും ദേശീയ പതാക പാറുന്നത് കണ്ടിരുന്ന ആൾക്കും ദേശീയ പതാക തല തിരിച്ചു കെട്ടിയത് മനസിലായില്ല.
എകെജി സെന്‍ററില്‍ ദേശീയപതാക ഉയര്‍ത്തിയത് സിപിഎം പതാകയോടു ചേര്‍ന്നാണ്. ഫ്ലാഗ് കോഡ് ലംഘിച്ചതിന് സിപിഎമ്മിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്തെത്തി. അജ്മൽ കരുനാഗപ്പള്ളി ആണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത് . ഇത് ദേശീയപതാകയോടുള്ള അവഹേളനമാണെന്നും പരാതിയിൽ ആരോപിക്കുന്നു. അന്വേഷണം നടത്തി പതാക ഉയർത്തൽ ചടങ്ങ് സംഘടിപ്പിച്ച സംസ്ഥാന സെക്രട്ടറി എ വിജയരാഘവനെതിരെയും മറ്റുള്ളവർക്കെതിരെയും കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു . സിപിഐ ദേശീയഗാനം തെറ്റിച്ച് പാടുന്ന വിഡിയോയും പുറത്തുവന്നു . കേന്ദ്ര മന്ത്രി മുരളീധരൻ മൊബൈൽ ഫോണിൽ നോക്കി ജനഗണമന പാടുന്നതും വൈറൽ ആയി . പാർട്ടി കൊടി മരത്തിൽ തല തിരിച്ചു ഉയർത്തിയത് കൂടാതെ വൈദ്യുതി തൂണിലും ആദ്യമായി ദേശീയ പതാക ഉയർത്തിയത് കേരളം കാണേണ്ടി വന്നു . സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവരാണ് മത്സരിച്ചു സ്വാതന്ത്ര്യ ദിനം ആഘോഷിച്ചതെന്നും ആദ്യമായി നടത്തിയത് കൊണ്ടാണ് അബദ്ധം സംഭവിച്ചതെന്നും ആണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ . .