വൻ ചാരായവേട്ട, 70 ലിറ്റര്‍ വാറ്റ് ചാരായവുമായി യുവാവ് അറസ്റ്റിൽ.
തൃശൂർ : വടക്കാഞ്ചേരി കടങ്ങോട് വൻ ചാരായവേട്ട. 70 ലിറ്റര്‍ വാറ്റ് ചാരായവുമായി യുവാവ് എക്സെെസിന്‍റെ പിടിയിലായി. കടങ്ങോട് പാറപ്പുറം സ്വദേശി ജിതിന്‍ ആണ് അറസ്റ്റിലായത്. ഓണവിപണി ലക്ഷ്യമിട്ട് വില്പനക്കായി സൂക്ഷിച്ച ചാരായമാണ് പിടിച്ചെടുത്തത്. തൃശൂർ എക്‌സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സെെസ് ഇന്റലിജൻസും വടക്കാഞ്ചേരി എക്‌സൈസ് സർക്കിൾ സംഘവും വടക്കാഞ്ചേരി റേഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചാരായം പിടി കൂടിയത് . കടങ്ങോട് പാറപ്പുറത്തുള്ള ഇയാളുടെ വീടിനോട് ചേർന്നുള്ള ഷെഡിൽ നിന്നുമാണ് ചാരായം കണ്ടെത്തിയത്. 35 ലിറ്ററിന്റെ രണ്ട് കന്നാസുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ചാരായം.
കടങ്ങോട് പാറപ്പുറം മേഖലകളിലെ പാറമടകൾ കേന്ദ്രീകരിച്ചു വൻ തോതിൽ ചാരായം ഉൽപ്പാദിപ്പിച്ചു വിൽപ്പന നടത്തുന്നതായി ഇന്റലിജൻസിന് നേരത്തെ തന്നെ രഹസ്യ വിവരം ലഭിച്ചിരുന്നു. റെയ്‌ഡിൽ വടക്കാഞ്ചേരി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സലിംകുമാർദാസ്, ഇൻസ്‌പെക്ടർ അശോക് കുമാർ, ഇന്റലിജൻസ് ഓഫീസർമാരായ ഷിബു. കെ.എസ്, സതീഷ് ഒ.എസ്, ലോനപ്പൻ കെ.ജ,പ്രിവന്റീവ് ഓഫീസർമാരായ സുദര്‍ശനകുമാർ, ആനന്ദൻ കെ.സി, സിവിൽ എക്‌സൈസ് ഓഫീസർ മാരായ സുരേഷ് സി.എം, വിനോദ്, വത്സരാജ് എം.ബി , റെനിൽ രാജ്, മിഥുൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ രതിക എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.