കുതിരാൻ തുരങ്ക പാത തുറക്കാൻ അനുമതി.
തൃശൂർ: കുതിരാൻ തുരങ്ക പാത തുറക്കാൻ അനുമതി. ദേശീയ പാത അതോറിറ്റിയാണ് അനുമതി നൽകിയത്. തുരങ്കത്തിൽ മണ്ണിടിച്ചിൽ സാധ്യതയില്ലെന്ന് പരിശോധനക്ക് ശേഷം ദേശീയപാത അതോറിറ്റി അധികൃതർ വ്യക്തമാക്കി. തുരങ്കത്തിലൂടെ ഗതാഗതത്തിന് തടസ്സമില്ലെന്നും അവർ അറിയിച്ചു. ഈ സാഹചര്യത്തിൽ ഉടൻ തന്നെ കുതിരാനിലെ ഒരു തുരങ്കം തുറന്നേക്കും.തൃശൂർ ഭാഗത്തേക്കുള്ള ഇടതുതുരങ്കമാണ് തുറന്നു കൊടുക്കുക.
ആഗസ്ത് ഒന്നിനുമുമ്പ് പണി പൂർത്തിയാക്കണമെന്ന നിർദേശത്തെ തുടർന്ന് ബുധനാഴ്ച പ്രധാന പണി പൂർത്തിയാക്കിയതായി കരാർകമ്പനി അധികൃതർ അറിയിച്ചു. നിർമാണം പൂർത്തിയാക്കിയ തുരങ്കം ഗതാഗതത്തിന് തുറന്നു കൊടുക്കാൻ ദേശീയപാത അതോരിറ്റിയുടെ അന്തിമ അനുമതി വേണം. വ്യാഴം, വെള്ളി ദിവസങ്ങളിൽ ദേശീയപാത അതോറിറ്റി അധികൃതർ അന്തിമ പരിശോധന നടത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും പരിശോധന നടന്നില്ല. ഇതോടെ അനുമതി ലഭിച്ചേക്കില്ലെന്നായിരുന്നു കരുതിയിരുന്നത്.
രാത്രിയാണ് ദേശീയപാത അതോറിറ്റി അനുമതി സംബന്ധിച്ച് കത്ത് നൽകിയത്. വിപുലമായ ഉദ്ഘാടനം പിന്നീട് തീരുമാനിക്കുമെന്ന് ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചു. ഏത്ദിവസം മുതലാണ് ഗതാഗതം ആരംഭിക്കുകയെന്ന് വ്യക്തമല്ല. കുതിരാൻതുരങ്കത്തിന്റെ സുരക്ഷ സംബന്ധിച്ച് ദേശീയപാത അതോറിറ്റിക്കു കീഴിലെ ഐസിടി, ഹാക്സ് എന്നീ സ്വതന്ത്ര ഏജൻസികൾ പരിശോധിച്ചു. കഴിഞ്ഞ ദിവസം ഐഐടി സംഘം നടത്തിയ പരിശോധനയും തൃപ്തികരമാണെന്നാണ് വിവരം.