തൃശ്ശൂരിൽ പിടി കൊടുക്കാതെ കോവിഡ്, സ്ഥിതിഗതികൾ വിലയിരുത്താൻ സ്പെഷ്യൽ ഓഫീസർ
തൃശ്ശൂര്‍: ജില്ലയിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി സ്‌പെഷ്യൽ ഓഫീസർ ഡോ. എസ് കാർത്തികേയൻ ജില്ലയിൽ എത്തി. കോവിഡ് രോഗ വ്യാപനം കൂടുതലായി നിൽക്കുന്ന സാഹചര്യത്തിലാണ് ജില്ലയ്ക്കായി സർക്കാർ സ്പെഷ്യൽ ഓഫീസറെ നിയമിച്ചത്. ടി പി ആർ നിരക്ക് കുറക്കുന്നത് സംബന്ധിച്ചും വാക്സിനേഷൻ കൂടുതലായി നടത്തി ആളുകളെ സുരക്ഷിതരാക്കുന്നത് സംബന്ധിച്ചും ഉദ്യോഗസ്ഥരുമായി അദ്ദേഹം ചർച്ച നടത്തി.
ജില്ലയിൽ നടക്കുന്ന പരിശോധനകൾ, വാക്സിനേഷൻ തുടങ്ങിയ കാര്യങ്ങളിലെ പുരോഗതി വിലയിരുത്തി. നടത്തുന്ന ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുന്നത് സംബന്ധിച്ചും വാക്സിനേഷൻ കൂടുതലാളുകളിലേക്ക് എത്തിക്കുന്നത് സംബന്ധിച്ചും ഉദ്യോഗസ്ഥരുമായി സംസാരിച്ചു.ജില്ലയിലെ വിവിധ ഇടങ്ങളിൽ നടക്കുന്ന പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും സെക്ട്രൽ മജിസ്ട്രേറ്റ്മാരുടെ പ്രവർത്തനം ഊർജിതമാക്കുന്നത് സംബന്ധിച്ചും യോഗത്തിൽ ചർച്ച ചെയ്തു.ജില്ലാ കലക്ടർ ഹരിത വി കുമാർ, വികസന ഓഫീസർ അരുൺ കെ വിജയൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.ജെ റീന, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.