ആയിഷ സുൽത്താനക്ക് കുരുക്കാകുന്നത് ബിസിനസ് പങ്കാളിക്ക് എതിരെയുള്ള ഇന്റലിജന്റ്‌സ് റിപ്പോർട്ട്
കൊച്ചി ∙ സംവിധായിക ആയിഷ സുൽത്താനക്ക്എതിരെ ലക്ഷദ്വീപ് പൊലീസ് റജിസ്റ്റർ ചെയ്ത രാജ്യദ്രോഹക്കേസിൽ കുരുക്കാകുന്നത് കൊച്ചിയിലെ ബിസിനസ് പങ്കാളിക്കെതിരായ ഇന്റലിജൻസ് റിപ്പോർട്ട്. ദേശവിരുദ്ധ സ്വഭാവമുള്ള ബന്ധങ്ങളുടെ പേരിൽ വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ കാലത്ത് ഉത്തരവാദപ്പെട്ട സ്ഥാനത്തുനിന്നു നീക്കം ചെയ്യപ്പെട്ടയാളാണു ആയിഷയുടെ കൊച്ചിയിലെ ബിസിനസ് പങ്കാളി..
ഔദ്യോഗിക സ്ഥാനം ദുരുപയോഗപ്പെടുത്തി ദേശവിരുദ്ധ സ്വഭാവമുള്ള സംഘടനകളുമായും ഗുണ്ടാസംഘങ്ങളുമായും അടുപ്പം പുലർത്തിയെന്നു കാണിച്ച് സിപിഎം പാർട്ടിഘടകങ്ങളും ഇയാൾക്കെതിരെ അന്നു പാർട്ടി സംസ്ഥാന നേതൃത്വത്തിനു പരാതി നൽകിയിരുന്നു. സിനിമാ നിർമാണം, നിയമസഹായം എന്നിവയ്ക്കു വേണ്ടി ഇയാൾ ആയിഷയ്ക്കു സാമ്പത്തിക പിന്തുണ നൽകിയതായും രഹസ്യാന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
സമീപകാലത്ത് ഇവർ തമ്മിലുള്ള തുടർച്ചയായ ഫോൺ സംഭാഷണങ്ങളുടെ വിശദാംശങ്ങളും രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു. കൊച്ചിയിൽ തൈക്കൂടത്തിനു സമീപം ഇവർ നടത്തുന്ന പങ്കാളിത്ത ബിസിനസ് സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളും നിരീക്ഷണത്തിലാണ്.
ലക്ഷദ്വീപുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിഷയത്തിൽ ഇടപെട്ടു വാർത്താ ചാനലിലെ ചർച്ചയിൽ നടത്തിയ ‘ജൈവായുധ’ പരാമർശമാണു ആയിഷയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കാൻ കാരണം. സമാന സ്വഭാവമുള്ള മറ്റേതെങ്കിലും കേസുകളിൽ പ്രതിയല്ലാത്ത ആയിഷയ്ക്കു ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ തനിക്കെതിരായ എഫ്ഐആർ റദ്ദാക്കാൻ ആയിഷ നടത്തിയ നീക്കം കോടതിയിൽ പരാജയപ്പെട്ടു .രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട കേസിൽ ആയിഷയ്ക്കെതിരെ നടക്കുന്ന അന്വേഷണം തടസ്സപ്പെടുത്താൻ കഴിയില്ലെന്നാണു കേരളാ ഹൈക്കോടതിയുടെ നിലപാട്.