വനവൽക്കരണം, തൈകളുടെ വിതരണവും പരിപാലനവും തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തും : മന്ത്രി എ.കെ.ശശീന്ദ്രൻ
തൃശൂർ: വിവിധ ദിനാചരണങ്ങളുടെ ഭാഗമായി നിരവധി തൈകള്‍ സംസ്ഥാനത്തുടനീളം വെച്ചുപിടിപ്പിക്കാറുണ്ടെങ്കിലും ഇവയുടെ പരിപാലനം കാര്യക്ഷമമാകാറില്ല. അതിനാൽ തൈകളുടെ വിതരണവും പരിപാലനവും തൊഴിലുറപ്പു പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കാൻ ആലോചിക്കുന്നു എന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. വനംവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ ഒന്നു മുതൽ ഏഴ് വരെ സംഘടിപ്പിക്കുന്ന വനമഹോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം പള്ളിക്കൽ ചെമ്പിക്കുന്നിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ പദ്ധതി ഉൾപ്പെടുത്താൻ ആഭ്യർത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി
ചെമ്പിക്കുന്നിൽ വനം മന്ത്രി ഇലഞ്ഞിമരതൈ നട്ടു.
ജില്ലയിലെ വടക്കാഞ്ചേരി, പട്ടിക്കാട് റെയ്ഞ്ചുകളിൽ പ്രവർത്തിച്ചുവന്നിരുന്നതും അടുത്തിടെ പീച്ചി വൈൽഡ് ലൈഫ് ഡിവിഷനിലേക്ക് ലയിപ്പിച്ചതുമായ നാല് ഫോറസ്റ്റ് സ്റ്റേഷനുകളെ പഴയരീതിയിലേക്ക് തിരിച്ചുകൊണ്ടു വരുന്ന കാര്യം അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. വനംവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ജൂലൈ ഒന്നു മുതൽ
ഏഴ് വരെ സംഘടിപ്പിക്കുന്ന വനമഹോത്സവത്തിൻ്റെ സംസ്ഥാനതല ഉദ്ഘാടനം പള്ളിക്കൽ ചെമ്പിക്കുന്നിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിച്ച ദേവസ്വം, പിന്നാക്ക ക്ഷേമം, പാർലമെൻ്ററികാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ്റെ അഭ്യർത്ഥനയെത്തുടർന്നാണ് ഫോറസ്റ്റ് സ്റ്റേഷനുകൾ പുനഃരാരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് വനം മന്ത്രി അറിയിച്ചത്പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുള്ള വനസംരക്ഷണമാണ് സർക്കാരിൻ്റെ നയമെന്ന് വനം മന്ത്രി പറഞ്ഞു. വന സംരക്ഷണത്തിൽ കേരളം രാജ്യത്തിന് മാതൃകയാണെന്നും ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് കമ്പനിയിൽ നിന്നും വനംവകുപ്പ് തിരികെയെടുത്ത ചെമ്പിക്കുന്ന് പ്രദേശത്തെ 475 ഹെക്ടർ സ്ഥലം പരിസ്ഥിതി പുന:സ്ഥാപന പ്രവർത്തനങ്ങൾക്ക് തെരഞ്ഞെടുത്തത് ശ്രദ്ധേയമായ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു.
രമ്യ ഹരിദാസ് എം.പി. മുഖ്യാതിഥിയായി ഓൺലൈനിൽ പങ്കെടുത്ത ചടങ്ങിൽ
തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഡേവിസ് മാസ്റ്റർ ആശംസകളർപ്പിച്ചു.
ഉദ്ഘാടനച്ചടങ്ങിൽ വനം മേധാവി പി.കെ.കേശവൻ ആമുഖ പ്രഭാഷണം നടത്തി. സെൻട്രൽ സർക്കിൾ സിസിഎഫ് കെ.എസ്. ദീപ സ്വാഗതം ആശംസിച്ച ചടങ്ങിന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എസ്. ജയശങ്കർ കൃതജ്ഞത അർപ്പിച്ചു. മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികളും ഉദ്യോഗസ്ഥരും
ഓൺലൈൻ വഴി പങ്കെടുത്തു. കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.