Madhavam header
Above Pot

ഗുരുവായൂരിലെ ഗജകേസരികൾക്ക് ഇനി സുഖ ചികിത്സയുടെ കാലം

ഗുരുവായൂര്‍: ഗുരുവായൂരിലെ ഗജകേസരികൾക്ക് ഇനി സുഖ ചികിത്സയുടെ കാലം .30-ദിവസം നീണ്ടുനില്‍ക്കുന്ന സുഖചികിത്സ, ഗുരുവായൂര്‍ എം.എല്‍.എ: എന്‍.കെ. അക്ബര്‍ കൊമ്പന്‍ ഗോപീകൃഷ്ണന് ആദ്യ ഔഷധ ഉരുളനല്‍കി ഉദ്ഘാടനം ചെയ്തു. 45-ആനകളുള്ള ആനകോട്ടയില്‍ ശീവേലിയ്ക്കായി ക്ഷേത്രത്തിലേയ്ക്കുപോയ വിഷ്ണു ഉള്‍പ്പടെ 28-ആനകള്‍ പങ്കെടുത്തു.

Astrologer

ഇരുപത്തിയെട്ടോളം ആനകളെ അണിനിരത്തി നടന്ന ചടങ്ങില്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി. മോഹന്‍ദാസ്, ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, കെ.വി. ഷാജി, കെ. അജിത്, അഡ്വ: കെ.വി. മോഹനകൃഷ്ണന്‍, ഇ.പി.ആര്‍ വേശാല മാസ്റ്റര്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ടി. ബ്രീജകുമാരി, ദേവസ്വം ആനഡോക്ടര്‍ ശാരുജിത്, ആനവിദഗ്ദ സമിതി അംഗങ്ങളായ ഡോ: പി.ബി. ഗിരിദാസ്, ഡോ: കെ. വിവേക്, ഡോ: ദേവന്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു.

ജീവധനം ഡെപ്യുട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പി. മനോജ്കുമാര്‍, ആനകോട്ട മാനേജര്‍ എ.കെ. രാധാകൃഷ്ണന്‍ എന്നിവര്‍ സുഖചികിത്സ ചടങ്ങിന് നേതൃത്വം നല്‍കി. ആനകള്‍ക്ക് വിവിധ ഔഷധകൂട്ടുകളോടെയുള്ള ആഹാരത്തോടെ നല്‍കുന്ന സുഖചികിത്സ, ഒരുമാസം നീണ്ടുനില്‍ക്കും. ഇനിയുള്ള ഒരു മാസക്കാലം ആനത്താവളത്തിലെ ആനകള്‍ സുഖചികിത്സയുടെ സ്‌നേഹച്ചൂടിലാകും. ഒരു മാസം നീളുന്ന ഔഷധക്കൂട്ടുകളടങ്ങിയ ഭക്ഷണ ക്രമവും, വിശേഷ വിധിയോടെയുള്ള കഴുകിത്തുടക്കലുമെല്ലാമുള്ള സുഖചികിത്സയിലൂടെ കരിവീരന്മാര്‍ നവോന്‍മേഷവും, ഓജസും, കരുത്തും വീണ്ടെടുക്കും. നീരിലുള്ളവയ്ക്ക് നീരില്‍നിന്നും മാറിയശേഷവും, അപകട സാധ്യത ഉണ്ടാക്കാന്‍ സാധ്യതയുള്ളവയ്ക്കും മുറപോലെ സുഖചികിത്സ നടത്തും. പല കൊമ്പന്മാരും ഇപ്പോള്‍ മദപ്പാടിലാണ്.

1986-ലാണ് ആനകള്‍ക്ക് ശാസ്ത്രീയമായ ആയുര്‍വേദ-അലോപ്പതി മരുന്നുകള്‍ സംയോജിപ്പിച്ച സുഖചികിത്സക്ക് ഗുരുവായൂരില്‍ തുടക്കം കുറിച്ചത്. മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ഏഴ് അംഗ ഡോക്ടര്‍മാരുടെ സംഘം നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ടാണ് സുഖചികിത്സ തുടങ്ങാന്‍ നിമിത്തമായത്. അതിനുമുമ്പ് ചില ആനകള്‍ക്ക് ആയൂര്‍വേദമരുന്നുകള്‍ മാത്രം അടങ്ങിയ ചികിത്സാവിധികള്‍ നടത്തിയിരുന്നു. ആയൂര്‍വേദ അലോപ്പതി മരുന്നുകള്‍ ഉള്‍പ്പെടുത്തിയ സമീകൃതാഹാരമാണ് സുഖചികിത്സാക്കാലത്ത് ആനകള്‍ക്ക് നല്‍കുന്നത്.

ആനകളുടെ ശരീരഭാരമനുസരിച്ചാണ് നല്‍കുന്ന ഭക്ഷണത്തിന്റെ അളവ് നിശ്ചയിച്ചിട്ടുള്ളത്. 3-കിലോ അരിയുടെ ചോറ്, ഓരോ കിലോവീതം ചെറുപയറും മുതിരയും, 200 ഗ്രാം ച്യവനപ്രാശം, 100 ഗ്രാം അഷ്ടചൂര്‍ണം, 25 ഗ്രാം മിനറല്‍ മിക്‌സ്ചര്‍, 50 ഗ്രാം മഞ്ഞള്‍പൊടി തുടങ്ങിയവയും, വൈറ്റമിന്‍ ടോണിക്കുകളുമാണ് ഓരോ ദിവസവും സുഖചികിത്സാക്കാലത്ത് ആനകളുടെ ദൈനംദിന മെനു. ഇതിന് പുറമെ പനമ്പട്ടയും, പുല്ലുമുണ്ട്. ആനകളുടെ ശരീര പുഷ്ടിക്കും, ഓജസ്സിനും, അഴകിനും, ആരോഗ്യത്തിനുമായി വിദഗ്ദര്‍ നിശ്ചയിച്ച ഔഷധ കൂട്ടുകളും, ആരോഗ്യ വര്‍ദ്ധക വിഭവങ്ങളുമാണ് സുഖ ചികിത്സക്കായി ആനകള്‍ക്ക് കൊടുക്കുന്നത്. ദിവസവും വിശദമായ തേച്ചുകുളിയും സുഖചികിത്സയുടെ ഭാഗമായുണ്ട്.

സുഖചികിത്സ ചടങ്ങിനുശേഷം, വനം വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ആനതാവളത്തില്‍ നിന്നും ഗുരുവായൂര്‍ ക്ഷേത്രാങ്കണംവരേയും, അവിടെനിന്ന് ആനകോട്ടയിലേയ്ക്കും അഞ്ചാനകള്‍ സവാരി നടത്തി. ഒരുവര്‍ഷത്തിലേറേയായി ആനകള്‍ കെട്ടുംതറിയില്‍ കഴിഞ്ഞുകൂടുന്നത് ആനകളുടെ ആരോഗ്യത്തെ ബാധിയ്ക്കുമെന്ന വനംവകുപ്പിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ദിവസവും ആനകള്‍ കുറഞ്ഞത് 5-കിലോമീറ്ററെങ്കിലും നടത്തണമെന്ന് വനം വകുപ്പ് നിര്‍ദ്ദേശിച്ചത്. അതിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് നടന്ന സവാരിയില്‍ കൊമ്പന്മാരായ ജൂനിയര്‍ മാധവന്‍, ഗോപീകൃഷ്ണന്‍, വിനായകന്‍, ബാലകൃഷ്ണന്‍, ജൂനിയര്‍ വിഷ്ണു, പിടിയാന ദേവി തുടങ്ങിയവര്‍ പങ്കെടുത്തു. നാളെ മുതല്‍ രാവിലെ അഞ്ചാനകള്‍ സമാനമായ രീതിയില്‍ സവാരി നടത്തും.

Vadasheri Footer