ദേവസ്വം ജീവനക്കാരുടെ പ്രതിനിധിക്ക് പ്രമോഷൻ , എതിർപ്പുമായി സി പി എം യൂണിയൻ തന്നെ രംഗത്ത്
ഗുരുവായൂർ :ഗുരുവായൂർ ദേവസ്വത്തിലെ ജീവനക്കാരുടെ പ്രതിനിധി ആയ ഭരണ സമിതി അംഗത്തിന് പ്രമോഷൻ നൽകിയതിനെതിരെ സി പി എം യൂണിയൻ തന്നെ രംഗത്ത് . ഭരണ സമിതി അംഗമായ എ വി പ്രശാന്ത് യു ഡി ക്ലർക്ക് ആയാണ് ജോലി ചെയ്തിരുന്നത് . ഇവിടെ നിന്നും കാഷ്യർ തസ്തികയിലേക്ക് ആണ് ദേവസ്വം പ്രമോഷൻ നൽകിയത് .അടുത്ത പ്രമോഷൻ ആയ അസിസ്റ്റന്റ് മാനേജർ പദവി ലഭിക്കണമെങ്കിൽ കാഷ്യർ തസ്തികയിൽ ജോലി ചെയ്യണമത്രെ .പ്രശാന്ത് അടക്കം രണ്ടു പേരെയാണ് കാഷ്യർ ആയി നിയമിച്ചിട്ടുള്ളത് .
കാഷ്യർ ജോലി ഉത്തരവാദിത്വമുള്ള പണിയാണ് പണം കൈകാര്യം ചെയ്യൽ ആണ്, സീറ്റിൽ ഇരുന്നു ജോലി ചെയ്യേണ്ടി വരും കറങ്ങി നടക്കാൻ കഴിയില്ല , ഇതാണ് പ്രശാന്തിനെ അനുകൂലിക്കുന്നവരുടെ എതിർപ്പിന് കാരണമത്രെ . ജീവനക്കാരുടെ ആവശ്യങ്ങൾ ഭരണ സമിതിയിൽ എത്തിക്കാനാണ് ജീവനക്കാരുടെ പ്രതി നിധിയെ കൂടി ഉൾപ്പെടുത്തി ദേവസ്വം നിയമവും ചട്ടവും ഉണ്ടാക്കിയിട്ടുള്ളത് . മറ്റുള്ള ഭരണ സമിതി അംഗങ്ങൾക്ക് ലഭിക്കാത്ത ശമ്പളം എന്ന അനുകൂല്യം ജീവനക്കാരുടെ പ്രതി നിധിക്ക് മാത്രമാണ് ലഭിക്കുന്നത് . ശമ്പളം വാങ്ങിക്കുമ്പോൾ അതിന്റെ ജോലി കൂടി ചെയ്യാൻ അദ്ദേഹത്തിന് ബാധ്യത ഉണ്ട് .
എന്നാൽ മുൻ കാലങ്ങളിൽ ഭരണ സമിതി അംഗമായി കഴിഞ്ഞാൽ ആരും ഒരു രൂപയുടെ ജോലി ചെയ്തിരുന്നില്ല ,കുറച്ചെങ്കിലും തന്റെ സീറ്റിൽ ഉണ്ടായിരുന്നത് കുഞ്ഞുണ്ണി മാത്രമായിരുന്നു . ബാക്കി വലത് ഇടത് ഭരണത്തിൽ ജീവനക്കാരുടെ പ്രതി നിധികൾ ഒരു ജോലിയും ചെയ്യാതെ കറങ്ങി നടക്കാറാണ് പതിവ് . പുതിയ കാഷ്യർ തസ്തിക യിൽ ഇരുന്നാൽ നിർബന്ധമായും സീറ്റിൽ ഉണ്ടാകണം . ഈ പ്രമോഷൻ ചെയർമാനും പ്രശാന്തും തമ്മിലുള്ള ശീത സമരത്തിന്റെ ഭാഗമാണ് എന്നാണ് യൂണിയന്റെ നിലപാട് . അതാണ് പ്രമോഷൻ നൽകിയ അഡ്മിനിസ്ട്രേറ്റർക്കെതിരെ യോഗം ചേർന്ന് പരസ്യമായി എതിർപ്പ് ഉയർത്തി ദേവസ്വം എംപ്ലേയീസ് ഓര്‍ഗനൈസേഷന്‍ രംഗത്ത് എത്തിയത്.
യോഗത്തില്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് സി പി ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നാരാണന്‍ ഉണ്ണി, ദേവസ്വം എംപ്ലേയീസ് ഓര്‍ഗനൈസേഷന്‍ ജോ: സെക്രട്ടറിയും, ജീവനക്കാരുടെ പ്രതിനിധിയുമായ ഭരണസമിതി അംഗം എ.വി. പ്രശാന്ത്, വൈസ് പ്രസിഡണ്ടുമാരായ സി. മനോജ്, എം.സി. രാധാകൃഷ്ണന്‍, എം.എന്‍. രാജീവ്, കെ.വി. വൈശാഖ്, ട്രഷറര്‍ കെ.ആര്‍. രാമചന്ദ്രന്‍, കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ഭരണസമിതി യോഗംചേരാതേയും, ജീവനക്കാരുടെ പ്രതിനിധിയുമായി കൂടിയാലോചന നടത്താതേയും അഡ്മിനിസ്‌ട്രേറ്റര്‍ തന്നിഷ്ടം കാണിയ്ക്കുകയാണെന്നും യോഗം വിലയിരുത്തി.
എ.വി. പ്രശാന്തിനെ ഉള്‍പ്പടേയുള്ള ജീവനക്കാരെ സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവ് അഡ്മിനിസ്‌ട്രേറ്റര്‍ ഉടന്‍ പിന്‍വലിയ്ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. എടുത്ത തീരുമാനം പിന്‍വലിയ്ക്കാതെ മുന്നോട്ടുനീങ്ങാനാണ് ഉദ്ദേശമെങ്കില്‍, ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പുനല്‍കി.
.