പാലുവായ് സി.എഫ്.ജോർജ് മാസ്റ്റര്‍ നിര്യാതനായി
ഗുരുവായൂർ : പ്രമുഖ പരിസ്ഥിതി-സാംസ്‌ക്കാരിക പ്രവര്‍ത്തകനും സിനിമ-നാടകകലാകാരനും അധ്യാപകനുമായ പാലുവായ് ചക്രമാക്കല്‍ സി.എഫ്.ജോര്‍ജ് മാസ്റ്റര്‍ നിര്യാതനായി. വാര്‍ദ്ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് പാലുവായിലെ വസതിയിലായിരുന്നു അന്ത്യം. 85 വയസായിരുന്നു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, സാസ്‌കാരിക പ്രവര്‍ത്തനങ്ങള്‍, കല, സാഹിത്യം, അധ്യാപനം തുടങ്ങി സര്‍വമേഖലകളിലും തന്റേതായ കയ്യൊപ്പ് പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് വിടവാങ്ങുന്നത്. സരോവരം മാസികയുടെ എഡിറ്ററായാണ് സാഹിത്യ-സാംസ്‌കാരിക മേഖലയിലെ തുടക്കം.
ചക്കംകണ്ടം മാലിന്യ നിര്‍മ്മാജന സമിതി കണ്‍വീനറായി ഭരണകൂടത്തിനെതിരെയുള്ള സമരമുഖത്തെ മുന്‍നിര പോരാളിയായിരുന്നു. നിരവധി സിനിമകളില്‍ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പരിസ്ഥിതി സംഘടനയായ ഗ്രീന്‍ ഹാബിറ്റേറ്റിന്റെ സ്ഥാപക ഡയറക്ടറായിരുന്നു. ദീര്‍ഘകാലം സ്‌കൂള്‍ അധ്യാപകനായും സേവനമനുഷ്ടിച്ചു. പാലൂവായിലെ വസതിയായ അസോബ് കോട്ടേജില്‍ തിങ്കളാഴ്ച രാവിലെ 7.30 ഓടെയായിരുന്നു അന്ത്യം. പരേതയായ ആലീസാണ് ഭാര്യ. റീന, ഫിലോ, ഫ്രാനി എന്നിവര്‍ മക്കളാണ്. ഡോ. മാത്യൂസ്, പരേതനായ ഷാജി എന്നിവരാണ് മരുമക്കള്‍. സംസ്‌കാരം നടത്തി.
മുരളി പെരുനെല്ലി എം.എല്‍.എ, മുന്‍ എം.എല്‍.എമാരായ കെ.വി. അബ്ദുള്‍ ഖാദര്‍, പി.ടി. കുഞ്ഞുമുഹമ്മദ്, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍, വി.കെ. ശ്രീരാമന്‍, സി.പി.എം ഏരിയ സെക്രട്ടറി ടി.ടി. ശിവദാസന്‍, കവി പ്രസാദ് പ്രസാദ് കാക്കശേരി തുടങ്ങിയ പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.