യു എ ഇ യിൽ നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് യുവതികളെ തട്ടിപ്പിന് ഇരയാക്കിയ പ്രതി അറസ്റ്റിൽ
കൊച്ചി: യു.എ.ഇയിലെ വാക്സിനേഷൻ കേന്ദ്രങ്ങളിലും ആശുപത്രികളിലും ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതിയടക്കം മൂന്നുപേർ പിടിയിൽ. കലൂരിലെ ടേക്ക് ഓഫ് റിക്രൂട്ടിങ് ഏജന്‍സി ഉടമ ഫിറോസ് ഖാൻ, കൂട്ടു പ്രതി എറണാകുളം സ്വദേശി സത്താർ, ഒളിവിൽ കഴിയാൻ സഹായം നൽകിയ കൊല്ലം സ്വദേശി എന്നിവരാണ് പിടിയിലായത്. ഏജൻസിയുടെ വലയിൽപെട്ട് അഞ്ഞൂറോളം മലയാളി നഴ്സുമാർ ദുബൈയിൽ ദുരിതത്തിലാണെന്ന വാർത്ത ‘പുറത്തു വന്നിരുന്നു.
സംഭവം പുറത്തറിഞ്ഞതോടെ ഫിറോസ് ഖാൻ ഒളിവിൽ പോയി. തിരച്ചിൽ നടത്തുന്നതിനിടെയാണ് കോഴിക്കോട് രഹസ്യകേന്ദ്രത്തിലുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് എറണാകുളം നോർത്ത് പൊലീസ് സംഘം എത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കരിപ്പൂർ വിമാനത്താവളം വഴി ഡൽഹിക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. വിമാനയാത്രക്ക് കോവിഡ് ആർ.ടി പി.സി.ആർ പരിശോധനയടക്കം ഇയാൾ നടത്തിയിരുന്നു. ദുബൈയിെല മറ്റുപ്രതികളെ നാട്ടിലെത്തിക്കാനും പൊലീസ് നടപടി ആരംഭിച്ചിട്ടുണ്ട്.വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വഞ്ചിച്ചതിന് ഫിറോസ് ഖാനെതിരെ നോര്‍ത്ത് പൊലീസ് മുമ്പും കേസെടുത്തിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി സ്ഥാപനത്തിെൻറ പേര് മാറ്റി തട്ടിപ്പ് തുടരുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തി ഞായറാഴ്ച കോടതിയിൽ ഹാജരാക്കാനാണ് നീക്കം.
നഴ്സ് വിസ എന്ന വ്യാജേന സന്ദർശക വിസ നല്കി വഞ്ചിച്ചെന്ന് കൊല്ലം പത്തനാപുരം പട്ടാഴി റീന രാജന് എന്ന യുവതി പരാതി നൽകിയിരുന്നു. ഇത്തരത്തിൽ നിരവധി നഴ്സുമാരിൽനിന്ന് 2.5 ലക്ഷം മുതൽ മൂന്നുലക്ഷം വരെ വാങ്ങിയാണ് ദുബൈയിലെത്തിച്ചത്. ഒന്നേകാൽ ലക്ഷം രൂപയായിരുന്നു വാഗ്ദാനം ചെയ്ത ശമ്പളം. വിശ്വാസ്യതക്ക് യു.എ.ഇ സർക്കാർ ആശുപത്രികളിലെ നഴ്സുമാരെന്ന വ്യാജേന ഏതാനും സ്ത്രീകൾ ഫോണിലും വിളിച്ചു. യു.എ.ഇയിലെത്തിയ ഇവരോട് ഹോം കെയറിലോ മസാജ് സെൻററിലോ ജോലി നൽകാമെന്നാണ് പിന്നീട് ഏജൻസി അറിയിച്ചത്.
മതിയായ ഭക്ഷണവും താമസസൗകര്യവും നൽകിയതുമില്ല. സർട്ടിഫിക്കറ്റുകൾ ഏജൻസിയുെട കൈയിൽ അകപ്പെട്ടു. പണം തിരികെ ചോദിച്ചപ്പോൾ 3000 ദിർഹം (60,000രൂപ) നൽകാമെന്നായി. മാധ്യമങ്ങളെ അറിയിക്കുമെന്ന് പറഞ്ഞപ്പോൾ ഭീഷണിയും തുടങ്ങി. എം.എൽ.എമാർ മുഖേന കൊച്ചി സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയിട്ടും പരിഹാരമുണ്ടായില്ല. ഇതോടെ മുഖ്യമന്ത്രി പിണറായി വിജയനും വിവിധ പൊലീസ് മേധാവികൾക്കും പരാതി നൽകിയിരുന്നു.