ഭൂരഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യം നേടും: മന്ത്രി കെ രാജന്‍
തൃശൂർ: ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുക എന്നതാണ് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും അത് നടപ്പാക്കാന്‍ ശ്രമിക്കുമെന്നും റവന്യൂ മന്ത്രി കെ രാജന്‍. സര്‍ക്കാരിന്റെ ഒരിഞ്ചു ഭൂമിപോലും നഷ്ടപ്പെടാതെ കയ്യേറ്റങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി, തിരിച്ചെടുക്കുന്ന ഭൂമി കേരളത്തിലെ ഭൂരഹിതരായ ജനങ്ങള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ കൊണ്ടു വന്ന നയം കൃത്യമായി നടപ്പിലാക്കും. എല്ലാവര്‍ക്കും ഭൂമി എല്ലാവര്‍ക്കും വീട് എന്ന നിലപാടില്‍ ഭൂരഹിത കേരളം പദ്ധതി മുഖ്യമന്ത്രി ഔപചാരികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
മന്ത്രിയായ ശേഷം ആദ്യമായി തൃശൂരിലെത്തി മാധ്യമങ്ങേളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും ഭൂമി എന്ന സങ്കല്‍പം പൂര്‍ത്തീകരിക്കാന്‍ പ്രധാന പങ്ക് വഹിക്കേണ്ടത് റവന്യൂ വകുപ്പാണ്. ജനങ്ങള്‍ നേരിട്ട് ഇടപഴകുന്ന വില്ലേജ് ഓഫീസുകളെ സ്മാര്‍ട്ടാക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. കേരളത്തില്‍ 54 വര്‍ഷമായിട്ടും റീസര്‍വേ പൂര്‍ത്തീകരിച്ചിട്ടില്ല.
ഡിജിറ്റലൈസ്ഡ് റീസര്‍വേ സംവിധാനത്തെക്കുറിച്ച് പ്രകടന പത്രികയിൽ പ്രഖ്യാപനമുണ്ട്. അത് നടപ്പിലാക്കന്‍ ഈ ഭരണ കാലയളവില്‍ ശ്രമിക്കും.കേവിഡിനെയും മണ്‍സൂണ്‍ കാലത്ത് ഉണ്ടാകാനിടയുള്ള അപകടങ്ങളെയും അതിജീവിക്കുകയും പ്രതിരോധിക്കുകയുമാണ് പ്രധാനലക്ഷ്യമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.–