കോവിഡ് രോഗിയുടെ മൃതദേഹം പൊതിഞ്ഞു നൽകിയില്ല: ജൂബിലി മിഷൻ മെഡിക്കൽ കോളേജിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു
തൃശൂർ : കോവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നൽകാത്ത സംഭവത്തിൽ തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്ന് കോടതി റിപ്പോർട്ട് തേടി. ഈ മാസം 4നായിരുന്നു സംഭവം. കോവിഡ് രോഗിയുടെ മൃതദേഹം സുരക്ഷിതമായി പൊതിഞ്ഞു നൽകാതെ ആംബുലൻസിലേക്ക് മാറ്റുകയായിരുന്നു.
നാട്ടിൽ നിന്നെത്തിയ പി.പി.ഇ കിറ്റ് ധരിച്ചെത്തിയ സന്നദ്ധ പ്രവർത്തകർ മൃതദേഹം വാഹനത്തിൽ നീക്കിക്കിടത്തുമ്പോഴായിരുന്നു രക്തമൂർന്നിറങ്ങുന്നനിലയിൽ കണ്ടത്. ഇത് കണ്ട് പരിശോധിച്ചപ്പോഴായിരുന്നു മതിയായി പൊതിഞ്ഞു നൽകാതെ മൃതദേഹം വിട്ട് നൽകിയത്. കോവിഡ് ചികിൽസയുടെ പേരിൽ വൻ തുക ഫീസിനത്തിലും വാങ്ങിയെന്ന് ആക്ഷേപമുയർന്നിരുന്നു.
സന്നദ്ധ പ്രവർത്തകർ ആശുപത്രി പരിസരത്ത് നിന്ന് തന്നെ ഇത് വീഡിയോ പകർത്തി പരാതിയായി ഉയർത്തിയിരുന്നു. മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. അതേ സമയം മൃതദേഹം പൊതിയുന്ന സ്ഥലത്തേക്ക് മാറ്റാനുള്ള വാഹനമാണെന്ന് കരുതിയാണ് ആംബുലൻസിലേക്ക് മാറ്റിയതെന്നാണ് ആശുപത്രി അധികൃതർ പ്രതികരിച്ചിരുന്നത്.