പ്രതിരോധം പാളി, ഇന്ന് 41,953 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 41,953 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 6558, കോഴിക്കോട് 5180, മലപ്പുറം 4166, തൃശൂര്‍ 3731, തിരുവനന്തപുരം 3727, കോട്ടയം 3432, ആലപ്പുഴ 2951, കൊല്ലം 2946, പാലക്കാട് 2551, കണ്ണൂര്‍ 2087, ഇടുക്കി 1396, പത്തനംതിട്ട 1282, കാസര്‍ഗോഡ് 1056, വയനാട് 890 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,321 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,64,60,838 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (114), സൗത്ത് ആഫ്രിക്ക (8), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 123 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 114 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5565 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 283 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 38,896 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 6466, കോഴിക്കോട് 5078, മലപ്പുറം 3932, തൃശൂര്‍ 3705, തിരുവനന്തപുരം 3267, കോട്ടയം 3174, ആലപ്പുഴ 2947, കൊല്ലം 2936, പാലക്കാട് 1048, കണ്ണൂര്‍ 1906, ഇടുക്കി 1326, പത്തനംതിട്ട 1236, കാസര്‍ഗോഡ് 1007, വയനാട് 868 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
117 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 38, കാസര്‍ഗോഡ് 16, എറണാകുളം 14, പത്തനംതിട്ട 11, പാലക്കാട് 10, തൃശൂര്‍ 9, വയനാട് 8, കൊല്ലം, ഇടുക്കി 3 വീതം, തിരുവനന്തപുരം, കോട്ടയം 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 23,106 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 2221, കൊല്ലം 2745, പത്തനംതിട്ട 565, ആലപ്പുഴ 1456, കോട്ടയം 2053, ഇടുക്കി 326, എറണാകുളം 2732, തൃശൂര്‍ 1532, പാലക്കാട് 998, മലപ്പുറം 2711, കോഴിക്കോട് 3762, വയനാട് 300, കണ്ണൂര്‍ 1590, കാസര്‍ഗോഡ് 115 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 3,75,658 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 13,62,363 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 7,84,193 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 7,55,453 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 28,740 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3868 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 16 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 715 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
മുഖ്യമന്ത്രിയുടെ വാക്കുകള്‍
വളരെ ഗൗരവമേറിയ അവസ്ഥയിലൂടെയാണ് സംസ്ഥാനം കടന്നു പോകുന്നത്. കൊവിഡ് വ്യാപനം ശക്തമായി തുടരുകയാണ്. ഇന്ന് 41953 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,63,321 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25.69 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നടപടികളും കൂടുതൽ കർശനമാക്കേണ്ടി വരും.
ഇന്ന് ചേർന്ന അവലോകനയോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ചയായി. വാർഡ് തല സമിതികളും റാപ്പിഡ് റെസ്പോൺസ് ടീമും മിക്കവാറും സ്ഥലത്ത് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്. അത്തരം പ്രവർത്തനങ്ങളിൽ പ്രദേശത്തെ മെഡിക്കൽ വിദ്യാർത്ഥികളെ കൂടി ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നു. മെഡിക്കൽ വിദ്യാർത്ഥികൾ വാക്സിനേഷൻ നടത്തിയവരുമാണ്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ഉദ്യോഗസ്ഥർക്കും ഇക്കാര്യത്തിൽ സഹായിക്കാനാവും അവർക്കും ഇനി ചുമതല നൽകും. രണ്ടാം ഡോസ് വാക്സിൻ എടുക്കുന്നതിൽ പലതരം അഭിപ്രായമുണ്ട്. ഏറ്റവും ഒടുവിലുള്ള പഠന റിപ്പോർട്ടിൽ പറയുന്നത്. രണ്ടാമത്തെ ഡോസ് വാക്സിൻ മൂന്ന് മാസം കഴിഞ്ഞ് എടുക്കുന്നതാണ് ഏറ്റവും ഗുണകരം എന്നാണ്. അതിനാൽ നേരത്തെ വാക്സിൻ എടുക്കാൻ തിരക്ക് കൂട്ടേണ്ട എന്ന് അർത്ഥം.
ഓക്സിജൻ വിതരണത്തിൽ നിലവിൽ പ്രശ്നങ്ങളില്ല. വലിയ തോതിൽ ക്ഷാമമില്ല. സ്വകാര്യ ആശുപത്രികളിൽ ആവശ്യമായ ഓക്സിജൻ എത്തിക്കും. ഓക്സിജൻ പ്രധാനമായ സംഗതിയായത് കൊണ്ട് ആവശ്യത്തിലധികം സൂക്ഷിക്കാനുള്ള പ്രവണതയുണ്ടാവും. രോഗികളുടെ എണ്ണം നോക്കി ആവശ്യമായ ഓക്സിജൻ എത്തിക്കാൻ ആരോഗ്യവകുപ്പ് ശ്രദ്ധിക്കണം. ഇതിലൊരു വീഴ്ചയും ഉണ്ടാവാതെ കുറ്റമറ്റ രീതിയിൽ നടപ്പാക്കണം.
അവലോകനയോഗത്തിൽ കണ്ട ഒരു പ്രശ്നം ആലപ്പുഴയിൽ രോഗികൾ കൂടുന്നുണ്ട്. അവിടെ പ്രത്യേകം പരിശോധന നടത്തും. നമ്മുടെ മെഡിക്കൽ വിദ്യാർത്ഥികളിൽ പഠനം കഴിഞ്ഞവർ മെഡിക്കൽ കൗൺസിലിൽ അടക്കം രജിസ്റ്റർ ചെയ്യാൻ കാത്തിരിക്കുന്നുണ്ട്. വലിയ കാലതാമസമുള്ള പ്രക്രിയ ആയതിനാൽ താത്കാലിക രജിസ്ട്രേഷൻ നൽകി അവരേയും രംഗത്തിറക്കും. സിഎഫ്എൽടിസികൾ നിലവിൽ ആവശ്യത്തിനുണ്ട്. സംസ്ഥാനത്തെ രോഗവ്യാപനസ്ഥിതി വച്ച് കൂടുതൽ സിഎഫ്എൽടിസികൾ വേണ്ടി വരും അതിനായി ലോഡ്ജുകളും ഹോസ്റ്റുകളും വേണമെന്നാണ് കാണുന്നത്. നമ്മുടെ സംസ്ഥാനത്ത് കെഎസ്ഇബിയും വാട്ടർ അതോറിറ്റിയും കുടിശ്ശിക പിരിക്കേണ്ടതില്ല. രണ്ട് മാസത്തേക്ക് അതെല്ലാം നിർത്തിവയ്ക്കാൻ നിർദേശിച്ചു. ബാങ്കുകളുടെ റിക്കവറി നടപടികളും നിർത്തിവയ്ക്കാൻ ആവശ്യപ്പെടും.
സ്വകാര്യ ഏജൻസികളും എൻജിഒകളും രാഷ്ട്രീയപാർട്ടികൾ മലയാളി അസോസിയേഷനുകൾ എന്നിവയ്ക്കും അംഗീകൃത റിലീഫ് ഏജൻസികളായി പ്രവർത്തിക്കാൻ അനുമതി നൽകും. ദുരിതാശ്വാസം നേരിട്ടോ സർക്കാർ വഴിയോ റവന്യൂ ആരോഗ്യവകുപ്പ് വഴിയോ വിതരണം ചെയ്യാവുന്നതാണ്. ഇതിൽ ആവശ്യമായ സഹായങ്ങൾ വിദേശത്ത് പ്രവർത്തിക്കുന്ന സംഘടനകൾക്കാണ് നൽകാൻ സാധിക്കുക. അത്തരം ഏജൻസികളെ കുറിച്ച് നോർക്ക പരിശോധിച്ച് അംഗീകാരം നൽകും അത്തരം ഏജൻസികളുടെ സഹായം നൽകും. അത്തരം സംഘടനകൾക്ക് ഇവിടെ നേരിട്ട് ഒരു കൂട്ടരെ ഏൽപിച്ച് സഹായം വിതരണം ചെയ്യാൻ പറ്റില്ല. സഹായം ഇവിടെ നൽകിയാൽ സർക്കാർ ഏജൻസികൾ മുഖേനെയാവും അതെല്ലാം വിതരണം ചെയ്യുക.
ഇപ്പോഴത്തെ നമ്മുടെ ഐസിയു ബെഡുകളുടെ അവസ്ഥ
സർക്കാർ ആശുപത്രികളിൽ 2857 ഐസിയു ബെഡുണ്ട്. അതിൽ 996 ബെഡുകളിൽ കൊവിഡ് രോഗികളും 756 ബെഡുകളിൽ മറ്റു രോഗികളുമാണുള്ളത്. സർക്കാർ ആശുപത്രികളിലെ 38.7 ശതമാനം ഐസിയു ബെഡുകളാണ് ഇപ്പോൾ ബാക്കിയുള്ളത്. സ്വകാര്യ ആശുപത്രികളിലെ 7805 ഐസിയു ബെഡുകളിൽ 1037 എണ്ണമാണ് കൊവിഡ് രോഗികൾക്കായി നിലവിൽ ഉപയോഗിക്കുന്നത്. സർക്കാർ ആശുപത്രികളിൽ നിലവിലുള്ള ആകെ വെൻ്റിലേറ്ററുകളുടെ എണ്ണം 2293 ആണ്. അതിൽ 441 വെൻ്റിലേറ്ററുകൾ കൊവിഡ് രോഗികളുടെ ചികിത്സയ്ക്കായും 185 എണ്ണം കൊവിഡേതര രോഗികളുടെ ചികിത്സയ്ക്കും ഉപയോഗിക്കും. സർക്കാർ ആശുപത്രികളിലെ മൊത്തം വെൻ്റിലേറ്ററുകളുടെ 27.3 ശതമാനമാണ് ഇപ്പോൾ ഉപയോഗത്തിലുള്ളത്.
സ്വകാര്യ ആശുപത്രികളിൽ 1523 വെന്‍റിലേറ്ററുകളില്‍ 377 എണ്ണമാണ് നിലവിൽ കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്. മെഡിക്കൽ കോളേജുകളിൽ ആകെയുള്ള 3231 ഓക്സിജൻ ബെഡുകളിൽ 1731 എണ്ണം കൊവിഡ് രോഗികൾക്കായി മാറ്റിവച്ചിട്ടുണ്ട്. അതിൽ 1429 ബെഡുകളിലും രോഗികൾ ചികിത്സയിലുണ്ട്. 546 പേർ കൊവിഡേതര രോഗികളാണ്. മൊത്തം 3231 ഓക്സിജൻ ബെഡുകളിൽ 1975 എണ്ണവും നിലവിൽ ഉപയോഗത്തിലാണ്. ഡയറക്ടേറ്റ് ഓഫ് ഹെൽത്ത് സർവ്വീസിന് കീഴിലെ ആശുപത്രികളിൽ 3001 ഓക്സിജൻ ബെഡുള്ളതിൽ 2028 ബെഡുകൾ കൊവിഡ് ചികിത്സയ്ക്ക് മാറ്റിവച്ചു. അവയിൽ 1373 എണ്ണത്തിൽ ആളായി
കൊവിഡേതര രോഗികളെ എടുത്താലും 52 ശതമാനം ബെഡുകളിലും രോഗികളായി. സ്വകാര്യ ആശുപത്രികളിലെ 2990 ഓക്സിജൻ ബെഡുകളിൽ 66.16 ശതമാനം ബെഡുകൾ ഇതിനോടകം ഉപയോഗത്തിൽ ആയി കഴിഞ്ഞു. ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത ഓക്സിജനിൽ ആയിരം മെട്രിക് ടൺ കേരളത്തിന് തരണമെന്ന് ആവശ്യപ്പെട്ട് ഇന്ന് പ്രധാനമന്ത്രിക്ക് കത്തയച്ചു. രണ്ടാം തരംഗത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടുന്നതിനാൽ ഓക്സിജൻ ആവശ്യം കൂടി. മതിയായ ഓക്സിജൻ ഉറപ്പാക്കാൻ കേന്ദ്രസഹായം ആവശ്യമാണ്