ട്രെയിനിൽ യുവതിക്ക് നേരെ അതിക്രമം, പ്രതിയെ തിരിച്ചറിഞ്ഞു.
കൊച്ചി : കാഞ്ഞിരമറ്റത്ത് അജ്ഞാതന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാനായി ഓടുന്ന ട്രെയിനില്‍ നിന്നും യുവതി പുറത്തേക്ക് ചാടാനിടയായ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.വിഷയത്തിൽ റെയില്‍വേ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് ഓടിക്കൊണ്ടിരുന്ന പുനലൂർ പാസഞ്ചറിൽ വെച്ച് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. മുളംതുരുത്തി സ്വദേശിനിയെയാണ് ഉപദ്രവിച്ചത്. കവർച്ചയ്ക്ക് ശേഷമായിരുന്നു ആക്രമണം.ട്രെയിനിൽ നിന്ന് എടുത്ത് ചാടിയ യുവതിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ യുവതിയുടെ ആരോഗ്യ നില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.
പ്രതി ആദ്യം വളയും മാലയും ഊരി നൽകാൻ അവശ്യപ്പെട്ടെന്ന് പരുക്ക് പറ്റിയ യുവതി നൽകിയ മൊഴിയിൽ പറയുന്നു. മാല പൊട്ടിച്ചെടുത്തെന്നും മൊബൈല്‍ ഫോണ്‍ വലിച്ചെറിഞ്ഞെന്നും പരിക്കേറ്റ യുവതിയുടെ ഭര്‍ത്താവ് വിശദമാക്കി. ചെങ്ങന്നൂരില്‍ വിദ്യാഭ്യാസ സ്ഥാപനത്തിലെ ജീവനക്കാരിയായ ഇവര്‍ പുനലൂര്‍ പാസഞ്ചറിലെ സ്ഥിരം യാത്രക്കാരിയാണ്. മുളംതുരുത്തി എത്തിയതോടെ ട്രെയിന്‍ കംപാര്‍ട്ടമെന്‍റിലേക്ക് കയറിയ പ്രതി രണ്ട് ഡോറുകളും അടച്ചു. സ്ക്രൂ ഡ്രൈവര്‍ കൈവശമുണ്ടായിരുന്ന ഇയാള്‍ ഭീഷണിപ്പെടുത്തി മാലയും വളയും കൈക്കലാക്കിയ ശേഷം യുവതിക്ക് നേരെ കയ്യേറ്റ ശ്രമം തുടങ്ങിയതോടെയാണ് യുവതി ട്രെയിനില്‍ നിന്ന് ചാടിയത്.
പുനലൂർ പാസഞ്ചർ ട്രെയിനിൽ വെച്ച് യുവതിയെ ആക്രമിച്ചത് നൂറനാട് സ്വദേശി ബാബുക്കുട്ടനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. നേരത്തെ പല കേസുകളിലും ഇയാൾ പ്രതിയായിരുന്നു. ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്തയാളാണെന്നുള്ള സൂചന നേരത്തെ യുവതി നൽകിയിരുന്നു. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.