പാവറട്ടി: കുട്ടികളോട് പറഞ്ഞിരിക്കാന്‍ കഥ തേടിയുളള യാത്രയിലാണ് അദ്ധ്യാപകനായ റാഫി നീലങ്കാവില്‍ സുമംഗല എന്ന കഥാമുശ്ശിയെ പരിചയപ്പെടുന്നത്. കഥകളോടും കുട്ടികളുടെ മനസ്സറിയുന്ന കഥാകാരിയോടും ഇഷ്ടം കൂടിയപ്പോള്‍ ഇടയ്ക്കിടക്ക് ഫോണ്‍ വിളിക്കാന്‍തുടങ്ങി. ഒരു ദിവസം നേരിട്ട് കാണണമെന്ന ആഗ്രഹത്തോടെ മാഷ് ദേശമംഗലം മനയിലെത്തി. വെളുത്തവസ്ത്രം ധരിച്ച് കാത്തിരിക്കുന്ന മുത്തശ്ശിയുമായുളള സംസാരത്തിനിടയ്ക്ക് കുട്ടികള്‍ക്കുവേണ്ടിയുളള പുസ്തകമെഴുതാന്‍ ഗൗരവത്തില്‍ മാഷോട് പറഞ്ഞു.
ആ സ്നേഹാദ്രതയില്‍ പിറന്നതാണ് ‘അത്തള പിത്തള തവാളാച്ചി’ എന്ന പുസ്തകം. പുസ്തകമെഴുതി അതിലെ ഓരോ കഥകളും ഒപ്പമിരുന്ന് വായിച്ചുതിരുത്തി. പുസ്തകത്തിന്‍റെ അവതാരിക എഴുതിതന്ന കഥാകാരി തന്നെയാണ് അതിന്‍റെ പ്രകാശനവും നിര്‍വ്വഹിച്ചത്. “അത്തള പിത്തള തവളാച്ചി എന്ന പുസ്തകം എന്‍റെ മുമ്പിലിരിക്കുന്നതു കാണുമ്പോള്‍ എന്‍റെ പൗത്രനാവാന്‍ മാത്രം പ്രായമുളള ഈ യുവാവിന്‍റെ മുമ്പില്‍ ഞാന്‍ മനസ്സുകുമ്പിടുകയാണ്” എന്ന് അവതാരികയില്‍ എഴുതിയ വാക്കുകള്‍ കണ്ട് കണ്ണുനീരോടെ മുത്തശ്ശിയുടെ കാല്‍ക്കല്‍ വീണ് അനുഗ്രഹം തേടിയത് റാഫിമാഷ് ഇന്നും ഓര്‍ക്കുന്നു..