Header 1 = sarovaram
Above Pot

പ്രശസ്ത ബാലസാഹിത്യകാരി സുമംഗല അന്തരിച്ചു

തൃശ്ശൂര്‍: പ്രശസ്ത ബാലസാഹിത്യകാരി സുമംഗല ( ലീലാ നമ്പൂതിരിപ്പാട് 87) അന്തരിച്ചു. ചെറുകഥകള്‍ക്കും നോവലുകള്‍ക്കും പുറമെ കുട്ടികള്‍ക്കുവേണ്ടി അന്‍പതോളം കഥകളും ലഘുനോവലുകളും രചിച്ചിട്ടുണ്ട്. സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു വേണ്ടി ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്തു. 

Astrologer

1934 മെയ് 16-ന് പാലക്കാടു ജില്ലയിലെ വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കലാണ് ജനനം. ഒറ്റപ്പാലം ഹൈസ്‌കൂളിലായിരുന്നു സുമംഗലയുടെ വിദ്യാഭ്യാസം. 1948-ല്‍ പത്താം ക്ലാസ്സ് പാസ്സായെങ്കിലും തുടര്‍ന്നു കോളേജില്‍ പഠിക്കാന്‍ പ്രായം തികഞ്ഞിരുന്നില്ല. അച്ഛന്‍ ഒ.എം.സി. നാരായണന്‍ നമ്പൂതിരിപ്പാടിന്റെ കീഴില്‍ സംസ്‌കൃതവും ഇംഗ്ലീഷും പഠിച്ചു. പിന്നീട് കോളേജില്‍ ചേര്‍ന്നില്ല.

പതിനഞ്ചാംവയസ്സില്‍ വിവാഹിതയായി. യജുര്‍വ്വേദപണ്ഡിതനും ഭൂഗര്‍ഭശാസ്ത്രത്തില്‍ ബിരുദധാരിയുമായിരുന്ന അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടായിരുന്നു ഭര്‍ത്താവ്. വിവാഹത്തിനുശേഷം കേരളകലാമണ്ഡലത്തില്‍ ചെറിയൊരു ജോലിയോടെ പ്രവേശിച്ച സുമംഗല പിന്നീട് അവിടത്തെ പബ്ലിസിറ്റി ഓഫീസര്‍ ചുമതല വഹിച്ചു. ഡോ. ഉഷ നീലകണ്ഠന്‍, നാരായണന്‍, അഷ്ടമൂര്‍ത്തി എന്നിവരാണ് മക്കള്‍.

                                                                                            

പഞ്ചതന്ത്രം, തത്ത പറഞ്ഞ കഥകള്‍, കുറിഞ്ഞിയും കൂട്ടുകാരും, നെയ്പ്പായസം, തങ്കകിങ്ങിണി, മഞ്ചാടിക്കുരു, മിഠായിപൊതി, കുടമണികള്‍, മുത്തുസഞ്ചി, നടന്നു തീരാത്ത വഴികള്‍ എന്നീ സമാഹരങ്ങളാണ് ബാലസാഹിത്യ ലോകത്തിന് സുമംഗലയുടെ സംഭാവന. കടമകള്‍, ചതുരംഗം, ത്രയംബകം, അക്ഷഹൃദയം എന്നീ നോവലുകളും രചിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരളസര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ വകുപ്പ് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യത്തിനുള്ള ശ്രീപദ്മനാഭസ്വാമി പുരസ്‌ക്കാരം, 2010 ല്‍ ബാലസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരം എന്നിവ സുമംഗലയ്ക്ക് ലഭിച്ചിട്ടുണ്ട്. 2019 ലെ ഗുരുവായൂര്‍ പൂന്താനം-ജ്ഞാനപ്പാന പുരസ്‌കാ രവും ലഭിച്ചിട്ടുണ്ട്.

Vadasheri Footer