വാളയാർ കേസ് , സിബിഐ സംഭവ സ്ഥലത്തെത്തി. അമ്മയുടെ മൊഴിയെടുത്തു
പാലക്കാട് : വാളയാര്‍ കേസ് ഏറ്റെടുത്തിനു ശേഷം സിബിഐ സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടികളുടെ അമ്മയില്‍ നിന്നും മൊഴിയെടുത്തു. തിരുവനന്തപുരം യൂണിറ്റ് എസ്പി നന്ദകുമാരന്‍ നായര്‍, ഡിവൈഎസ്പി ടി പി അനന്തകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാളയാറിലെത്തിയത്.
പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വീട്ടില്‍ അന്വേഷണസംഘം പരിശോധന നടത്തി. നേരത്തെ കേസന്വേഷിച്ച ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. ഇതിനായി മുന്‍ വാളയാര്‍ എസ് ഐ ചാക്കോയെ സിബിഐ വിളിച്ചു വരുത്തിയിട്ടുണ്ട്. ഡിവൈഎസ്പി സോജന്റെയും മൊഴിയെടുക്കും.
വാളയാര്‍ പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് എഫ്ഐആറുകളും നേരത്തെ പാലക്കാട് പോക്സോ കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഇടപെടലാണ് കേസ് സിബിഐ അന്വേഷണത്തിലെത്തിയത്. സംഘത്തിന്റെ അന്വേഷണത്തിനാവശ്യമായ കേസ് ഡയറി ഉള്‍പ്പെടെയുള്ള രേഖകള്‍ കൈമാറണമെന്ന് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.
2017ലാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുഞ്ഞുങ്ങളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 13 വയസുള്ള പെണ്‍കുട്ടിയെ 2017 ജനുവരി 13നും 9 വയസുള്ള സഹോദരിയെ 2017 മാര്‍ച്ച് നാലിനും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പീഡനത്തിന് ഇരയായ ശേഷമുള്ള മരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെങ്കിലും തെളിവ് ശേഖരിക്കുന്നതില്‍ പോലീസ് വീഴ്ച വരുത്തിയതോടെ വിചാരണ കോടതി പ്രതികളെ വെറുതേ വിടുകയായിരുന്നു. പ്രതികളെ വെറുതെ വിട്ട ഉത്തരവ് ജനുവരി ആറിന് ഹൈക്കോടതി റദ്ദാക്കിയിരുന്നു. കുട്ടികളുടെ അമ്മയുടേയും സര്‍ക്കാരിന്റേയും അപ്പീല്‍ അംഗീകരിച്ചുകൊണ്ടാണ് വിധി റദ്ദാക്കിയത്.
വാളയാര്‍ കേസില്‍ പുനര്‍വിചാരണയാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ജനുവരി 26 മുതല്‍ പാലക്കാട് സത്യഗ്രഹ സമരം നടത്തിയിട്ടും കേസില്‍ അന്വേഷണം അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ആഭ്യന്തരവകുപ്പ് നടപടി ഉണ്ടായില്ല. ഇതില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടികളുടെ അമ്മ തലമുണ്ഡനം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. കേസില്‍ നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച അമ്മ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടത്ത് മത്സരിക്കുകയും ചെയ്തിരുന്നു