റഫാൽ അഴിമതി , പ്രധാനമന്ത്രി അടക്കമുള്ളവരെ കുറ്റ വിചാരണ ചെയ്യണം
ന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ ഫ്രഞ്ച് കമ്പനിയായ ദസോ ഇന്ത്യൻ ഇടനിലക്കാരന് 10 ലക്ഷം യൂറോ സമ്മാനമായി നൽകിയെന്ന വെളിപ്പെടുത്തലിെൻറ അടിസ്ഥാനത്തിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്ന റിട്ട് ഹരജി സുപ്രീംകോടതിയിൽ. ഹരജി രണ്ടാഴ്ചക്കു ശേഷം പരിഗണിക്കാൻ മാറ്റിവെച്ചു.
അഭിഭാഷകനായ മനോഹർലാൽ ശർമയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രധാന എതിർകക്ഷിയാക്കി ഹരജി നൽകിയത്. ‘സമ്മാന’ ഇടപാടിൽ ഉൾപ്പെട്ട ഡിഫ്സിസ് സെല്യൂഷൻസ് കമ്പനിയുടെ സുഷൻ മോഹൻ ഗുപ്ത, ദസോ, റിലയൻസ് എയറോസ്പേസ് കമ്പനി, കേന്ദ്രസർക്കാർ, സി.ബിഐ എന്നിവരാണ് മറ്റ് എതിർകക്ഷികൾ.
ഫ്രാൻസിൽനിന്ന് 36 വിമാനങ്ങൾ വാങ്ങാനുള്ള 2016ലെ കരാർ റദ്ദാക്കണം, വിമാനത്തിന് നൽകിയ അഡ്വാൻസ് തുക പിഴയടക്കം തിരിച്ചു പിടിക്കണം, ദസോ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണം, ആദ്യത്തെ നാല് എതിർകക്ഷികളെ സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ കുറ്റവിചാരണ ചെയ്യണം എന്നിവയാണ് ഹരജിയിലെ പ്രധാന ആവശ്യങ്ങൾ.
ചതി, ക്രിമിനൽ വിശ്വാസവഞ്ചന, അഴിമതി, ഔദ്യോഗിക രഹസ്യ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട നിയമവ്യവസ്ഥകൾ പ്രകാരമാണ് ഹരജി.
ഫ്രാൻസിലെ അഴിമതിവിരുദ്ധ ഏജൻസി നടത്തിയ ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയ വിവരം ഫ്രഞ്ച് മാധ്യമമായ മീഡിയ പാർട്ട് പുറത്തുകൊണ്ടുവന്നതിനെ തുടർന്ന് റഫാൽ ഇടപാടിനെക്കുറിച്ച് സംയുക്ത പാർലമെൻററി സമിതി (ജെ.പി.സി) അന്വേഷണം പ്രതിപക്ഷം ആവശ്യപ്പെടുന്നതിനിടയിലാണ് ഹരജി സുപ്രീംകോടതിയിൽ എത്തിയത്. ചുരുങ്ങിയത് 58,000 കോടി രൂപയുടേതാണ് റഫാൽ ഇടപാട്.