ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്ത 10 കോടി തിരിച്ചു വാങ്ങില്ല ,ഗുരുവായൂർ ദേവസ്വം സുപ്രീം കോടതിയിലേക്ക്
ഗുരുവായൂർ: മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരുവായൂർ ദേവസ്വം നൽകിയ പത്ത് കോടി തിരിച്ചു കൊടുക്കാൻ ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ ഗുരുവായൂർ ദേവസ്വം സുപ്രീംകോടതിയെ സമീപിക്കുന്നു . തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സുപ്രീം കോടതിയിൽ അപ്പീൽ സമർപ്പിക്കാൻ ഉള്ള എല്ലാ നടപടികളും പൂർത്തിയായതായി അറിയുന്നു . തിരഞ്ഞെടുപ്പിൽ തിരിച്ചടി ലഭിക്കും എന്നുള്ളത് കൊണ്ടാണ് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ അപ്പീൽ കൊടുക്കാതെ നീട്ടി വെച്ചത് .അപ്പീൽ സമർപ്പിക്കനായി എല്ലാ രേഖകളും സുപ്രീം കോടതി അഭിഭാഷകന് കൈമാറി കഴിഞ്ഞു . ഫീസിനത്തിൽ 16 ലക്ഷം രൂപയും നൽകിയതാണ് പുറത്ത് വരുന്ന വിവരം
ദുരിതാശ്വാസനിധിയിലേക്ക് ദേവസ്വം പണം നൽകിയത് നിയമവിരുദ്ധമെന്നാണ് ഹൈക്കോടതിയുടെ ഫുൾ ബഞ്ച് വിധിച്ചിരിക്കുന്നത്. ട്രസ്റ്റി എന്ന നിലയിൽ സ്വത്തുവകകൾ പരിപാലിക്കാൻ മാത്രമേ ദേവസ്വം ബോർഡിന് അവകാശമുള്ളൂ. അത് വേറാർക്കും കൈമാറാൻ അവകാശമില്ല. ഗുരുവായൂർ ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ സ്വത്തുവകകളുടെയും അവകാശി ഗുരുവായൂരപ്പനാണെന്ന് ഹൈക്കോടതിയുടെ ഫുൾബഞ്ച് ഉത്തരവിൽ നിരീക്ഷിക്കുന്നു.
ഇത് ദേവസ്വം നിയമത്തിൽ വ്യക്തമാക്കിയിട്ടുള്ള കാര്യമാണ്. ആ നിയമത്തിന്‍റെ പരിധിയിൽ നിന്ന് മാത്രമേ ഭരണസമിതിക്ക് പ്രവർത്തിക്കാനാകൂ എന്നും ഹൈക്കോടതി ഫുൾബഞ്ച് ഉത്തരവിൽ പറയുന്നു. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ദേവസ്വം ബോർഡിന്‍റെ പ്രവർത്തനപരിധിയിലോ, അധികാരപരിധിയിലോ വരില്ല. ഇക്കാര്യങ്ങളിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് ദേവസ്വം ബോർഡിന് നിർദേശം നൽകാൻ സർക്കാരിന് അധികാരമില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.
ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകിയ തുക എങ്ങനെ തിരികെ ഈടാക്കണമെന്നത് ഹൈക്കോടതി ഡിവിൽൻ ബഞ്ച് തീരുമാനിക്കണമെന്നും ഉത്തരവ് നിർദേശിക്കുന്നു.
. 2018 ലെ പ്രളയ കാലത്താണ് ദേവസ്വം ആദ്യമായി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സംഭാവന നൽകിയത് . അതിനെതിരെയുള്ള കേസ് ഹൈക്കോടതിയിൽ നില നിൽക്കുമ്പോഴാണ് 2020 ൽ കോവിഡ് പ്രതിരോധത്തിനായി അഞ്ചു കോടി കൂടി നൽകിയത് .