ഇരട്ട വോട്ട് ജനാധിപത്യത്തിൽ മായം കലർത്തൽ , തടഞ്ഞേ പറ്റൂ .ഹൈക്കോടതി
കൊച്ചി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതി. ഇരട്ട വോട്ട് ജനാധിപത്യത്തിൽ മായം കലർത്തലാണെന്നും എന്ത് വന്നാലും തടഞ്ഞേ പറ്റൂവെന്നും ഹൈക്കോടതി പറഞ്ഞു. ഒരു വോട്ടർ പുതിയ വിലാസത്തിൽ വോട്ട് ചേർക്കുമ്പോൾ പഴയ വോട്ട് ഇല്ലാതാകാൻ ഉള്ള സംവിധാനം ഇല്ലേ എന്നും കോടതി ചോദിച്ചു. ഇതിനാവശ്യമായ എന്ത് നടപടി സ്വീകരിക്കാനാവുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നാളെ കോടതിയെ അറിയിക്കണം.
പൗരന്മാരുടെ അവകാശം സംബന്ധിച്ച ഗൗരവമുള്ള ഒരു വിഷയമാണിതെന്ന് പറഞ്ഞ ഹൈക്കോടതി, കേസ് നാളെ വീണ്ടും പരിഗണിക്കും. ഇരട്ട വോട്ട് വിഷയത്തിൽ രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. ഇരട്ട വോട്ടുള്ളവരുടെ വോട്ട് മരവിപ്പിക്കാൻ കോടതി തയ്യാറായില്ല.
ഇത് സാങ്കേതികമായ പിഴവാണോ അല്ല ബോധപൂർവം വരുത്തിയ പിഴവാണോ എന്ന് വ്യക്തമല്ലാത്തതിനാലാണ് വോട്ട് മരവിപ്പിക്കാൻ കോടതി തയ്യാറാകാതിരുന്നത്. അതേസമയം കോടതി നിർദ്ദേശത്തോട് അനുകൂലമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. ഇരട്ട വോട്ടുള്ളവർ ഒരു വോട്ടേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കുമെന്ന് ടിക്കാറാം മീണ വ്യക്തമാക്കി. ഹൈക്കോടതി നിർദേശം നടപ്പാക്കും. ഇരട്ട വോട്ടുള്ളവരുടെ പ്രത്യേക പട്ടിക തയ്യാറാക്കി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നൽകും. ഒരാൾക്ക് അയാളുടെ താമസ സ്ഥലത്ത് തന്നെ വോട്ടുറപ്പാക്കാൻ ശ്രമിക്കും.
അതേസമയം ഇരട്ട വോട്ട് വിഷയത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട് തേടി. സംസ്ഥാന ഇലക്ടറൽ ഓഫീസറോടാണ് റിപ്പോർട് തേടിയത്. 31-ാം തിയതിക്കകം റിപ്പോർട് നൽകണമെന്ന് നിർദ്ദേശം. എല്ലാ ജില്ലകളിലെയും സാഹര്യം പരിശോധിച്ച് വിശദമായ റിപ്പോർട് നൽകണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദ്ദേശത്തിൽ പറയുന്നു.