എൽ.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി.
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽ.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. ജനക്ഷേമവും മതനിരപേക്ഷതയും ഉറപ്പുവരുത്തിയാകും പ്രവർത്തനമെന്ന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ പറഞ്ഞു.
രണ്ട് ഭാഗമായാണ് പ്രകടന പത്രിക. ആദ്യഭാഗത്ത് 50 ഇന പരിപാടികൾ പ്രഖ്യാപിക്കും. 50ഇന പരിപാടികൾ നടപ്പിലാക്കുന്നതിന് 900 നിർദേശങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.
അഭ്യസ്തവിദ്യരായ യുവതലമുറക്ക് തൊഴിൽ നൽകുന്നതിനാണ് മുഖ്യപരിഗണന. 40 ലക്ഷം തൊഴിലുകൾ ലഭ്യമാക്കും. കാർഷിക മേഖലയിൽ വരുമാനം 50 ശതമാനം ഉയർത്തുന്നതിനുള്ള പദ്ധതികൾ, ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ കേരളീയ മാതൃക ലോകോത്തരമാക്കുക തുടങ്ങിയവയും പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ക്ഷേമ പെൻഷനുകൾ ഘട്ടം ഘട്ടമായി 2500 രൂപയായി ഉയർത്തും, വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തുമെന്നും എൽ.ഡി.എഫ് വാഗ്ദാനം ചെയ്യുന്നു.
പൊതു മേഖലയെ സംരക്ഷിക്കുന്നതിനും സ്വകാര്യനിക്ഷേപങ്ങൾ വർധിപ്പിക്കുന്നതിനുള്ള സമീപനവും പ്രകടന പത്രികയിലുള്ളതായി അദ്ദേഹം പറഞ്ഞു.
അഞ്ചുവർഷംകൊണ്ട് 10,000 കോടിയുടെ നിക്ഷേപം കൊണ്ടുവരാൻ പദ്ധതി, മൂല്യവർധിത വ്യവസായങ്ങൾ സൃഷ്ടിക്കും, സൂക്ഷ്മ-ഇടത്തരം-ചെറുകിട മേഖലയിൽ സംരംഭങ്ങളുടെ എണ്ണം 1.4 ലക്ഷത്തിൽനിന്നും മൂന്നുലക്ഷമാക്കി ഉയർത്തുമെന്നും എ. വിജയരാഘവൻ പറഞ്ഞു.
പീഡിത വ്യവസായങ്ങളെ പുനരുദ്ധരിക്കാൻ പുതിയ സ്കീം നടപ്പാക്കും. 6000 കോടിയുടെ പശ്ചാത്തല സൗകര്യമൊരുക്കും. പാൽ, മുട്ട, പച്ചക്കറികളിൽ സ്വയം പര്യാപ്തത, റബറിന്‍റെ തറവില 250 രൂപയാക്കും, തീരദേശ വികസനത്തിൽ 500 കോടിയുടെ പാക്കേജ്, ആദിവാസി കുടുംബങ്ങൾക്കും പട്ടികജാതി കുടുംബങ്ങൾക്കും പാർപ്പിടം, പതിനായിരം കോടിയുടെ ട്രാൻസ്ഗിൽഡ് പദ്ധതി, സർക്കാർ-അർധസർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സിക്ക്, ഓേട്ടാ-ടാക്സി തൊഴിലാളികൾക്ക് പ്രത്യക പരിഗണന, മതനിരപേക്ഷ നയങ്ങളിൽ ശക്തമായ നിലപാട്, തീരദേശ വികസനത്തിന് 5000 കോടിയുടെ പാക്കേജ്, കടലാക്രമണ ഭീഷണി മറിക്കടക്കാൻ പദ്ധതികൾ തുടങ്ങിയവയും എൽ.ഡി.എഫ് പ്രകടന പത്രികയിൽ പറയുന്നു.
ദാരിദ്ര്യ നിർമാജനത്തിന് 45 ലക്ഷം കുടുംബങ്ങൾക്ക് ഒരു ലക്ഷം മുതൽ 15 ലക്ഷം വരെ വികസന സഹായ വായ്പ, പ്രവാസി പുനരധിവാസത്തിന് മുന്തിയ പരിഗണന തുടങ്ങിയവയും പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു.”,പക്ഷെ ഇതിനെല്ലാം ഉള്ള പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് പ്രകടന പത്രികയിൽ പറയുന്നില്ല