പി സി ചാക്കോയെ സ്വാഗതം ചെയ്‌ത് എന്‍ സി പി.
കൊച്ചി: കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി സി ചാക്കോയെ സ്വാഗതം ചെയ്‌ത് എന്‍ സി പി. ചാക്കോ എന്‍ സി പിയില്‍ വന്നാല്‍ അര്‍ഹിക്കുന്ന വിധത്തില്‍ നേതൃനിരയില്‍ സ്ഥാനം കൊടുക്കുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ ടി പി പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി. ചാക്കോക്ക് പ്രവര്‍ത്തിക്കാന്‍ അനുയോജ്യമായ പാര്‍ട്ടിയാണ് എന്‍.സി.പിയെന്നും പാര്‍ട്ടിയിലെത്തിയാല്‍ അര്‍ഹിക്കുന്ന പരിഗണന നല്‍കാമെന്നുമാണ് ടി പി പീതാംബരന്‍ പറഞ്ഞത്.
‘
പി.സി. ചാക്കോ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവാണ്. നേരത്തെ ശരദ് പവാറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ്. ശരദ് പവാറിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം. അദ്ദേഹം വരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യും. അതുകൊണ്ട് തന്നെ മുതിര്‍ന്ന നേതാവ് എന്ന നിലയില്‍ നേതൃ നിരയില്‍ അദ്ദേഹത്തിന് അര്‍ഹിക്കുന്ന സ്ഥാനം കൊടുക്കും,’ പീതാംബരന്‍ പറഞ്ഞു.
അതേസമയം, ഭാവി പരിപാടികളെപ്പറ്റി ചിന്തിച്ചിട്ടില്ലെന്നാണ് ചാക്കോ പറയുന്നത്. കേരളത്തിലെ ഗ്രൂപ്പ് വടംവലിയില്‍ കോണ്‍ഗ്രസുകാരനായി തുടരാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്, അപ്രതീക്ഷിതമായി ചാക്കോ പാര്‍ട്ടിയില്‍ നിന്ന് രാജിവയ്‌ക്കുന്നതായി അറിയിച്ചത്. ചാലക്കുടിയിൽ മത്സരിക്കാൻ ശ്രമം നടത്തിയെങ്കിലും മണ്ഡലത്തിലെയോ ജില്ലയിലെയോ ആരും തന്നെ അദ്ദേഹത്തെ പിന്തുണച്ചില്ല ഇതോടെയാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളുമായി അകൽച്ചയിൽ ആയത് .
കരുണാകരന്റെ വിശ്വസ്തനായി ഐ ഗ്രൂപ്പിൽ എത്തിയതോടെ 1991-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സീറ്റ് ലഭിച്ച അദ്ദേഹം തൃശൂരിൽ നിന്ന് ആദ്യമായി ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടത് . 1996-ൽ മുകുന്ദപുരത്ത് നിന്നും 1998-ൽ ഇടുക്കിയിൽ നിന്നും 2009-ൽ തൃശൂരിൽ നിന്ന് തന്നെ വീണ്ടും ലോക്സഭയിൽ അംഗമായി 2014 ലെ തിരഞ്ഞെടുപ്പിൽ തൃശൂരിൽ താൻ മത്സരിക്കാനില്ലെന്ന് വാശിപിടിച്ചു ചാലക്കുടി സീറ്റുമായി വെച്ച് മാറി രണ്ടു സീറ്റും കളഞ്ഞു കുളിച്ചു .
ആദ്യകാലത്തുണ്ടായിരുന്ന സ്വാധീനം ഇന്ന് ചാക്കോയ്ക്ക് ഹൈക്കമാൻഡിലില്ല. കെ സി വേണുഗോപാലടക്കം നേതൃപദവിയിലെത്തിയ ശേഷം ചാക്കോയ്ക്ക് ഹൈക്കമാൻഡുമായുള്ള നല്ല ബന്ധം നഷ്ടമായി.ഇതോടെ പാർട്ടി വിടുകയല്ലാതെ ചാക്കോക്ക് വേറെ വഴിയില്ലാതായി .കേരളത്തിൽ അണികൾ ഇല്ലാത്ത ഒരുനേതാവ് കൂടിയാണ് സ്വാതന്ത്യം കിട്ടുന്നതിന് ഒരു വർഷം മുൻപ് ജനിച്ച ചാക്കോ . പാർട്ടിയിൽ ഒരു തലമുറ മാറ്റത്തിനെ എതിർക്കുന്ന ചാക്കോയെ പോലുള്ളവർ പാർട്ടിയിൽ നിന്ന് പോകുന്നതാണ് പാർട്ടിക്ക് നല്ലത് എന്ന് പറഞ്ഞു ള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയ യിൽ സജീവമാണ്