താജ്മഹലിൽ ബോംബ് ഭീഷണി, സന്ദേശം നൽകിയ ആൾ പിടിയിൽ: മാനസിക രോഗിയെന്ന് പോലീസ്
ന്യൂഡല്‍ഹി: താജ്മഹലില്‍ ബോംബുണ്ടെന്ന വ്യാജ സന്ദേശം നല്‍കിയയാള്‍ പിടിയില്‍. യു.പിയിലെ ഫിറോസാബാദില്‍ നിന്നാണ് വിമല്‍ കുമാര്‍ സിങ് പിടിയിലായത്. ചോദ്യം ചെയ്യലില്‍ ഇയാളുടെ മാനസികനില തകരാറിലാണെന്ന് വ്യക്തമായതായി ആഗ്ര അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് സതീഷ് ഗണേഷ പറഞ്ഞു. ഇതിനെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
കാസഗഞ്ചി പട്യാലി സ്വദേശിയാണ് വിമല്‍ കുമാര്‍. ഫിറോസാബാദിെല ഒക്റയിലെ അമ്മയുടെ വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായും പൊലീസ് അറിയിച്ചു. കൂടുതല്‍ അന്വേഷണത്തില്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ അറിവാകുയുള്ളുവെന്നും പൊലീസ് വ്യക്തമാക്കി.
ഇന്ന് രാവിലെ 10.30നാണ് താജ്മഹലില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശമെത്തിയത്. താജ്മഹലില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം പോലീസ് കണ്ട്രോള് റൂമിലാണ് ലഭിച്ചത്. അജ്ഞാതനായ വ്യക്തി താജ്മഹല്‍ പരിസരത്ത് ബോംബ് വെച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ പൊട്ടുമെന്നും അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഇക്കാര്യം പൊലീസ് താജ്മഹലിലെ സുരക്ഷ ഉദ്യോഗസ്ഥരെ അറിച്ചു. സന്ദര്‍ശകരെ മുഴുവന്‍ പുറത്തിറിക്കി പരിശോധന നടത്തി. 45 മിനിറ്റ് നേരത്തേക്ക് താജ്മഹല്‍ അടച്ചിടുകയും ചെയ്തു.