ലൈംഗികപീഢനം: ബി.ജെ.പി മന്ത്രി രമേഷ് ജര്‍ക്കിഹോളി രാജിവെച്ചു
ബെംഗളൂരു: കര്‍ണാടകയില്‍ ലൈംഗികാരോപണ വിവാദത്തില്‍ കുടുങ്ങിയ ബി.ജെ.പി നേതാവും മന്ത്രിയുമായ രമേഷ് ജര്‍ക്കിഹോളി രാജിവെച്ചു. കഴിഞ്ഞദിവസമാണ് ജര്‍ക്കിഹോളിക്കെതിരായ ലൈംഗികാരോപണ വീഡിയോ പുറത്തുവന്നത്. സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പുറത്തുവന്നതോടെയാണ് ജര്‍ക്കിഹോളിയുടെ മന്ത്രിസ്ഥാനം തെറിച്ചത്. വീഡിയോ വ്യാജമാണെന്നും തെറ്റുകാരനെന്ന് കണ്ടെത്തിയാല്‍ രാഷ്ട്രീയം വിടുമെന്നും ആയിരുന്നു ജര്‍ക്കിഹോളിയുടെ പ്രതികരണം.
എന്നാല്‍ ഇന്ന് ജര്‍ക്കിഹോളി രാജിക്കത്ത് മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് കൈമാറുകയായിരുന്നു. ജര്‍ക്കിഹോളിയുടെ രാജി സ്വീകരിച്ച യെദ്യൂരപ്പ ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചു. യെദ്യൂരപ്പ സര്‍ക്കാരില്‍ ജലവിഭവ വകുപ്പിന്റെ ചുമതലയായിരുന്നു ജര്‍ക്കിഹോളി വഹിച്ചിരുന്നത്.
ബെംഗളൂരുവിലെ സാമൂഹിക പ്രവര്‍ത്തകനും നാഗരിക ഹക്കു ഹോരാട്ട സമിതി പ്രസിഡന്റുമായ ദിനേഷ് കല്ലഹള്ളിയാണ് ജര്‍ക്കിഹോളിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. അശ്ലീലവീഡിയോ മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് മന്ത്രി യുവതിയെ ചൂഷണം ചെയ്തതായായാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ദിനേഷ് കല്ലഹള്ളി പരാതിയും നല്‍കിയിട്ടുണ്ട്.