സി.പി.എം സ്ഥാനാർത്ഥി സാധ്യതാ പട്ടികയായി ,ഗുരുവായൂരിൽ ബേബി ജോൺ
ഗുരുവായൂർ: തൃശൂർ ജില്ലയിൽ സി.പി.എം സ്ഥാനാർത്ഥി സാധ്യതാ പട്ടികയായി. മുന്ന് ടേം പൂർത്തിയാക്കിയവരെ മൽസരിപ്പിക്കേണ്ടതില്ലെന്ന നയം നടപ്പിലാക്കാനാണ് തീരുമാനം. ഇതനുസരിച്ച് ഗുരുവായൂരിൽ കെ.വി.അബ്ദുൾ ഖാദറും പുതുക്കാട് മന്ത്രി സി.രവീന്ദ്രനാഥും ഇത്തവണ മൽസരിക്കില്ല. ഗുരുവായൂരിൽ കെ.വി.അബ്ദുൾ ഖാദറിന് പകരം മുതിർന്ന നേതാവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ബേബി ജോൺ സ്ഥാനാർത്ഥിയായേക്കും
പുതുക്കാട് മന്ത്രി സി.രവീന്ദ്രനാഥിന് പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ടുമായ കെ.കെ രാമചന്ദ്രനും സ്ഥാനാർത്ഥിയാവും. സിറ്റിങ് സീറ്റായ ചാലക്കുടിയിലും ഇരിങ്ങാലക്കുടയും ഇത്തവണ ഘടകക്ഷികൾക്ക് വിട്ടു നൽകേണ്ടതുണ്ടോയെന്നതിൽ ചർച്ച നടക്കുന്നുണ്ട്. എങ്കിലും ചാലക്കുടിയിൽ സിറ്റിങ് എം.എൽ.എ ബി.ഡി.ദേവസിയുടെയും ഇരിങ്ങാലക്കുടയിൽ നഗരസഭാ കൗൺസിലറും മഹിളാ അസോസിയേഷൻ നേതാവുമായ കെ.ആർ.വിജയയുടെയും പേരുകൾ സാധ്യതാ പട്ടികയിലുൾപ്പെടുത്തിയിട്ടുണ്ട്.
ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന വടക്കാഞ്ചേരിയിൽ ഡി.വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡണ്ടും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ സേവ്യർ ചിറ്റിലപ്പിള്ളിയും മുതിർന്ന നേതാവും കേരള ബാങ്ക് വൈസ് ചെയർമാനുമായ എം.കെ.കണ്ണനുമാണ് പട്ടികയിലുള്ളത്. കുന്നംകുളത്ത് മന്ത്രി മൊയ്തീൻ വീണ്ടും മൽസരിക്കും. ചേലക്കരയിൽ യു.ആർ.പ്രദീപും തുടരാനാണ് തീരുമാനം. സാധ്യതാ പട്ടിക ഇന്ന് ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ച ചെയ്യും