ഗുരുവായൂരിൽ തത്വ കലശാഭിഷേകം തിങ്കളാഴ്ച
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന്റെ കലശചടങ്ങുകളില്‍ അതി പ്രധാനവും, താന്ത്രിക പ്രാധാന്യവുമായുള്ള തത്വ കലശാഭിഷേകം തിങ്കളാഴ്ച. തത്വകലശത്തിന്റെ ഭാഗമായി കാലത്ത് ശീവേലി, അഭിഷേകം, പന്തീരടി പൂജ തുടങ്ങിയ ചടങ്ങുകള്‍ രാവിലെ അഞ്ചുമണിയോടെ പൂര്‍ത്തിയാക്കും. തുടര്‍ന്നാണ് ക്ഷേത്രം നാലമ്പലത്തിലെ നമസ്‌ക്കാര മണ്ഡപത്തില്‍വെച്ച് തന്ത്രി നാഢീസന്താന പൂജയും, ഭഗവാന് തത്വകലശാഭിഷേകം തന്ത്രി നിര്‍വ്വഹിയ്ക്കുന്നത്. തത്വകലശാഭിഷേകത്തിനുശേഷം ഉച്ചപൂജ തന്ത്രി നിര്‍വ്വഹിയ്ക്കും. രാത്രി തൃപ്പുകയ്ക്കുശേഷം തന്ത്രി അനുജ്ഞ ചടങ്ങും നടത്തും.
ചൊവ്വാഴ്ച നടത്തുന്ന അതിപ്രധാനമായ ബ്രഹ്മകലശത്തിനായി ശ്രീഗുരുവായൂരപ്പനോട് അനുവാദം ചോദിയ്ക്കുന്ന ചടങ്ങാണ് അനുജ്ഞ. മാരാരുടെ ശംഖുവിളിയ്ക്കുശേഷം സോപാനപടിയില്‍നിന്ന് തന്ത്രി നടത്തുന്ന ബ്രഹ്മകലശം നടത്താനായി ഭഗവാനോട് അനുവാദം ചോദിച്ച് പുഷ്പം ശ്രീകോവിലിലേയ്ക്ക് അര്‍പ്പിയ്ക്കും. ഭഗവാന്റെ ഉത്സവ ചടങ്ങുകളുടെ പരമപ്രധാനമായ സഹസ്രകലശവും, ബ്രഹ്മകലശാഭിഷേകവും ചൊവ്വാഴ്ച നടക്കും. കലശമണ്ഡപമായ കൂത്തമ്പലത്തില്‍ ആയിരംകുംഭങ്ങളില്‍ ശ്രേഷ്ടദ്രവ്യങ്ങള്‍ നിറച്ച് പൂജനടത്തി ചൈതന്യവത്താക്കിയ കലശങ്ങള്‍ കീഴ്ശാന്തി നമ്പൂതിരിമാര്‍ കൈമാറി ശ്രീലകത്തെത്തിച്ച് അഭിഷേകം ചെയ്യും.
മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ഈ ചടങ്ങിനുശേഷം വെഞ്ചാമരം, മുത്തുകുട, ആലവട്ടം, നാദസ്വരമടക്കമുള്ള വാദ്യങ്ങളുടെ അകമ്പടിയില്‍ ബ്രഹ്മകലശം ശ്രീലകത്തേക്ക് എഴുന്നെള്ളിയ്ക്കും. ക്ഷേത്രം മേല്‍ശാന്തി ബ്രഹ്മകലശവും, ക്ഷേത്രം ഓതിയ്ക്കന്‍ കുംഭേശ കലശവും ശ്രീലകത്തേയ്‌ക്കെഴുെള്ളിച്ച് തന്ത്രി ഭഗവാന് അഭിഷേകം ചെയ്യും.
ബുധനാഴ്ച്ച ഉത്സവത്തിന് നാന്ദികുറിയ്ക്കുന്ന ആനയോട്ടവും, രാത്രി കുംഭമാസത്തിലെ പൂയ്യം നക്ഷത്രത്തില്‍ ആചാര്യവരണ ചടങ്ങുകള്‍ക്കുശേഷം കൊടിയേറ്റ ചടങ്ങും നടക്കുന്നത്. കൊടിയേറ്റ ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി മുഖ്യന്‍ നേതൃത്വം നല്‍കും. മാര്‍ച്ച് 4-ന് ഭഗവാന്റെ പള്ളിവേട്ടയും, 5-ന് ആറാട്ടിനും ശേഷം കൊടിയിറക്കത്തോടെ ഈ വര്‍ഷത്തെ ഉത്സവത്തിന് സമാപനമാകും.