കുപ്രസിദ്ധമായ വിതുര പെണ്‍വാണിഭക്കേസില്‍ ഒന്നാംപ്രതി സുരേഷിന് 24 വര്‍ഷം കഠിന തടവ്
കോട്ടയം: കുപ്രസിദ്ധമായ വിതുര പെണ്‍വാണിഭക്കേസില്‍ ഒന്നാംപ്രതി സുരേഷിന് വിവിധ വകുപ്പുകള്‍ പ്രകാരം 24 വര്‍ഷം കഠിന തടവ്. ശിക്ഷ ഒന്നിച്ച് അനുഭവിക്കുന്നതിനാല്‍ പത്തുവര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാകും. ഒരുലക്ഷത്തി ഒന്‍പതിനായിരം രൂപ പിഴയും ഒടുക്കണം. ഈ തുക പെണ്‍കുട്ടിക്കാണ് നല്‍കേണ്ടത്
വിതുര പീഡനം സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത 24 കേസുകളില്‍ ഒരു കേസിലാണ് കോടതി വിധി പറഞ്ഞത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചു, അനാശാസ്യം നടത്തി, ബലാത്സംഗത്തിന് പ്രേരിപ്പിച്ചു എന്നീ കുറ്റങ്ങളാണ് ഈ കേസില്‍ പ്രതിക്കെതിരേ ചുമത്തിയിരുന്നത്.
ഇതില്‍ ബലാത്സംഗ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്നും അതേസമയം, മറ്റു രണ്ട് കുറ്റങ്ങള്‍ തെളിയിക്കാനായെന്നും ഇതില്‍ പ്രതി കുറ്റക്കാരനാണെന്നും കോടതി കണ്ടെത്തിയിരുന്നു. വിതുര പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് 23 കേസുകളില്‍ കൂടി ഇനി നടപടികള്‍ പൂര്‍ത്തിയാകാനുണ്ട്. ഈ കേസുകളിലെല്ലാം സുരേഷ് തന്നെയാണ് ഒന്നാംപ്രതി. ഈ കേസുകളിലും സുരേഷ് വിചാരണ നേരിടണം.
1996-ലാണ് വിതുര സ്വദേശിനിയായ പെണ്‍കുട്ടിയെ തടങ്കലിലാക്കി ലൈംഗിക ചൂഷണത്തിനിരയാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ആകെ 24 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എല്ലാ കേസുകളിലും ഒന്നാംപ്രതിയായ കൊല്ലം കടയ്ക്കല്‍ സ്വദേശി സുരേഷ് പ്രത്യേക കോടതിയില്‍ നേരത്തെ കീഴടങ്ങിയിരുന്നു.
കേസിന്റെ രണ്ടാംഘട്ട വിചാരണയില്‍ 14 കേസുകളിലെ 17 പ്രതികളെ പ്രത്യേക കോടതി വെറുതെവിട്ടതിന് പിന്നാലെയാണ് ഇയാള്‍ കീഴടങ്ങിയത്. കേസിന്റെ വിചാരണ വേളയില്‍ പ്രതിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. ഇതിനിടെ 14 മാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഒളിവില്‍പോയി. പിന്നീട് 2019 ജൂണില്‍ ഹൈദരാബാദില്‍നിന്നാണ് സുരേഷിനെ പോലീസ് പിടികൂടിയത്.