രണ്ട് ടേം നിബന്ധന കര്‍ശനമാക്കി സിപിഎം ! ഇളവ് പ്രമുഖര്‍ക്ക് മാത്രം.
തിരുവനന്തപുരം: രണ്ട് ടേം നിബന്ധന കര്‍ശനമാക്കി സിപിഎം ! ഇളവ് പ്രമുഖര്‍ക്ക് മാത്രം.സ്ഥാനാര്‍ത്ഥി നിര്‍ണയ മാനദണ്ഡങ്ങള്‍ സംബന്ധിച്ച് എ കെ ജി സെന്ററില്‍ നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ച തുടരുകയാണ്. തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവും പ്രചാരണ തന്ത്രങ്ങളും ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സമിതി യോഗം ചര്‍ച്ച ചെയ്യും.
നിബന്ധന നടപ്പായാല്‍ സിപിഎമ്മിനായി അഞ്ച് മന്ത്രിമാരടക്കം 22 പേര്‍ ഇക്കുറി അങ്കത്തട്ടിലുണ്ടാകില്ല. ബാലനും ഐസക്കിനും ഇളവുണ്ടാകില്ലെന്നു സൂചന. കെകെ ഷൈലജയ്ക്കും എസി മൊയ്തീനും ഇളവ് ഉറപ്പ് ! ഇപി ജയരാജന്‍ സെക്രട്ടറിയുടെ കസേരയിലേക്ക് എത്തുമെന്നുറപ്പായതോടെ മത്സരിക്കില്ല.
സിപിഎം രണ്ട് ടേം മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന നിബന്ധന കര്‍ശനമായി പാലിച്ചാല്‍ അഞ്ച് മന്ത്രിമാരും 17 സിറ്റിങ് എംഎല്‍എമാരും ഇക്കുറി മാറി നില്‍ക്കും. പിണറായി മന്ത്രിസഭയിലെ 11 സിപിഎം മന്ത്രിമാരില്‍ അഞ്ച് പേരും രണ്ടോ അതില്‍ കൂടുതലോ മത്സരിച്ചവരാണ്.
മന്ത്രിമാരായ തോമസ് ഐസക്, എ.കെ ബാലന്‍ എന്നിവര്‍ നാല് തവണയും ജി സുധാകരന്‍, സി രവീന്ദ്രനാഥ് എന്നിവര്‍ മൂന്നു ടേമും തുടര്‍ച്ചയായി ജയിച്ചവരാണ്. ഐസക് രണ്ട് തവണ ആലപ്പുഴയിലും അതിന് മുമ്ബ് രണ്ട് തവണ മാരാരിക്കുളത്തുനിന്നും ജയിച്ചിരുന്നു.
എ.കെ ബാലന്‍ ആദ്യ രണ്ട് ടേം കുഴല്‍മന്ദത്തുനിന്നും കഴിഞ്ഞ രണ്ട് തവണയായി തരൂരിലും ജയിച്ചു. ഇ.പി ജയരാജന്‍ മട്ടന്നൂരില്‍ രണ്ട് ടേമായി. പാര്‍ട്ടി സമ്മേളനത്തിലേക്ക് കടക്കുന്നതിനാല്‍ ഇ.പിയെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ പാര്‍ട്ടി ആലോചിച്ചാല്‍ അദ്ദേഹം ഇത്തവണ മത്സരിക്കില്ലെന്ന് ഉറപ്പാണ്.
അങ്ങനെയെങ്കില്‍ മന്ത്രി കെ.കെ ശൈലജ കൂത്തുപറമ്ബില്‍ നിന്ന് മട്ടന്നൂരിലേക്ക് മാറിയേക്കും. മന്ത്രി സി രവീന്ദ്രനാഥ് രണ്ട് തവണ പുതുക്കാട് നിന്നും അതിന് മുമ്ബത്തെ ടേം കൊടകരയില്‍ നിന്നും ജയിച്ച് തുടര്‍ച്ചയായി മൂന്നു ടേമായിട്ടുണ്ട്.
എംഎല്‍എമാരില്‍ രാജു ഏബ്രഹാം തുടര്‍ച്ചയായി നാല് തവണ റാന്നിയില്‍ നിന്ന് വിജയിച്ചു. എ പ്രദീപ്കുമാര്‍ കോഴിക്കോട് നോര്‍ത്തിലും കെ.വി അബ്ദുള്‍ഖാദര്‍ ഗുരുവായൂരിലും ബി.ഡി ദേവസ്സി ചാലക്കുടിയിലും അയിഷ പോറ്റി കൊട്ടാരക്കരയില്‍ നിന്നും എസ് രാജേന്ദ്രന്‍ ദേവികുളത്തുനിന്നും എസ്. ശര്‍മ്മ വൈപ്പിനില്‍ നിന്നും മൂന്നു ടേം പൂര്‍ത്തിയാക്കി. ഇതില്‍ മുന്‍മന്ത്രി കൂടിയായ എസ് ശര്‍മ്മ ഒരു ടേം വടക്കേക്കരയിലും രണ്ട് ടേം വൈപ്പിനിലും പ്രതിനിധീകരിച്ചിരുന്നു.
കെ കുഞ്ഞിരാമന്‍ (ഉദുമ), ജയിംസ് മാത്യു (തളിപ്പറമ്ബ്), ടി.വി രാജേഷ് (കല്യാശ്ശേരി), സി കൃഷ്ണന്‍ (പയ്യന്നൂര്‍), പുരുഷന്‍ കടലുണ്ടി (ബാലുശ്ശേരി), കെ ദാസന്‍(കൊയിലാണ്ടി), പി. ശ്രീരാമകൃഷ്ണന്‍ (പൊന്നാനി), സുരേഷ് കുറുപ്പ്(ഏറ്റുമാനൂര്‍), ആര്‍ രാജേഷ് (മാവേലിക്കര), ബി സത്യന്‍ (ആറ്റിങ്ങല്‍) എന്നിവരും രണ്ട് ടേം തുടര്‍ച്ചയായി പൂര്‍ത്തിയാക്കിവരാണ്.
മന്ത്രി എ.സി മൊയ്തീനും രണ്ട് ടേം പൂര്‍ത്തിയാക്കിയെങ്കിലും തുടര്‍ച്ചയായിട്ടില്ല. അതുകൊണ്ടുതന്നെ മൊയ്തീന്‍ വീണ്ടും കുന്നംകുളത്ത് തന്നെ ഒരുതവണ കൂടി മത്സരിക്കാനാണ് സാധ്യത. രണ്ടുതവണ നിബന്ധന അംഗീകരിച്ചാല്‍ പലര്‍ക്കും സീറ്റ് കിട്ടാനിടയില്ല.
അതിനിടെ സ്ഥിരം ജയിക്കുന്ന ചില എംഎല്‍എമാര്‍ അവരുടെ വ്യക്തിഗത മികവിനെ തുടര്‍ന്നും ജയിക്കുന്നവരാണ്. അവരെ മാറ്റിയുള്ള പരീക്ഷണം തുടര്‍ന്നാല്‍ വിജയ സാധ്യത മങ്ങും. അങ്ങനെയുള്ളവര്‍ക്ക് ഇളവുണ്ടാകാനാണ് സാധ്യത.പക്ഷേ ഇതില്‍ ആര്‍ക്കൊക്കെ ഇളവ് നല്‍കാന്‍ പാര്‍ട്ടി സന്നദ്ധമാകും എന്നതിനെ ആശ്രയിച്ചാകും അവര്‍ മത്സരിക്കുമോ എന്നതില്‍ അന്തിമ തീരുമാനം ഉണ്ടാകുക.
അതേസമയം ലോക്‌ഭയിലേക്ക് മത്സരിച്ചവരെയും നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ല. ഇതുസംബന്ധിച്ച് പാര്‍ട്ടിയില്‍ ധാരണയായി. ഇതോടെ എം ബി രാജേഷ്, എ സമ്ബത്ത്, കെ എന്‍ ബാലഗോപാല്‍, പി രാജീവ്, പി ജയരാജന്‍ അടക്കം നിയമസഭയിലേക്ക് സീറ്റ് ലഭിക്കുമെന്ന് കരുതിയ പല നേതാക്കന്മാരുടെയും കാര്യം പരുങ്ങലിലായി. എന്നാല്‍ അനിവാര്യരായവരെ മത്സരിപ്പിക്കണമോയെന്ന കാര്യത്തില്‍ പാര്‍ട്ടി നിലപാട് എന്താണെന്ന് വ്യക്തമായിട്ടില്ല.