കേരളത്തിലെ താളിയോല ലിഖിതങ്ങൾ ആസ്പദമാക്കി സ്പെഷ്യൽ തപാൽ കവർ പുറത്തിറക്കി.
ഗുരുവായൂർ: കേരള പോസ്റ്റൽ സർക്കിൾ രൂപകല്പനചെയ്ത കേരളത്തിലെ താളിയോല ലിഖിതങ്ങൾ ആസ്പദമാക്കി സ്പെഷ്യൽ തപാൽ കവർ പുറത്തിറക്കി. ഗുരുവായൂർ പോസ്റ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ തപാൽ വകുപ്പ് സെക്രട്ടറിയും പോസ്റ്റൽ ബോർഡ് ചെയർമാനുമായ പ്രദീപ്കുമാർ ബിസോയ്, കേരള ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ വി രാജ രാജന് കവർ കൈമാറി പ്രകാശനം നിർവ്വഹിച്ചു. മദ്ധ്യമേഖല പോസ്റ്റ്മാസ്റ്റർ ജനറൽ മറിയാമ്മ തോമസ്, ഡയറക്ടർ ഓഫ് പോസ്റ്റൽ സർവീസ് അർച്ചന ഗോപിനാഥ് എന്നിവർ പങ്കെടുത്തു. കടലാസ് പ്രചാരത്തിൽ വരുന്നതിനു മുമ്പ് കേരളത്തിൽ എഴുത്തിന് ഉപയോഗിച്ചിരുന്ന മാധ്യമമായിരുന്നു താളിയോലകൾ. സാഹിത്യപരവും ആയുർവേദ സംബന്ധവും ഗണിതശാസ്ത്ര സംബന്ധവുമായ ഒട്ടേറെ അറിവുകൾ താളിയോല ഗ്രന്ഥങ്ങളിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇത്തരം ഗ്രന്ഥങ്ങളെ കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കുവാനും അതിലൂടെ രേഖപ്പെടുത്തിയിട്ടുള്ള പരമ്പരാഗത അറിവുകൾക്ക് കൂടുതൽ വ്യക്തത വരാനുമാണ് പരിപാടി കൊണ്ട് ലക്ഷ്യംവെക്കുന്നതെന്ന് തപാൽ വകുപ്പ് അധികൃതർ അറിയിച്ചു