‘അഭയകേസിൽ തെളിവ് നശിപ്പിച്ച മുൻ എസ് പി കെ.ടി മൈക്കിളിനെതിരെ നടപടി വേണമെന്ന് കോടതി…
തിരുവനന്തപുരം: കോട്ടയം പയസ് ടെൻത്ത് കോണ്‍വൻ്റിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ അഭയ കൊലക്കേസിൽ, പ്രതികൾക്കെതിരായ പ്രധാനപ്പെട്ട തെളിവുകൾ നശിപ്പിച്ചതിന് നേരത്തെ കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് മുൻ എസ് പി കെ.ടി മൈക്കിളിനെതിരെ നടപടി വേണമെന്ന് സിബിഐ കോടതി. കേസിലെ മുഖ്യപ്രതികളായ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിയ്ക്കും ശിക്ഷ വിധിച്ച കോടതിയുടെ വിധിന്യായത്തിലാണ് കെടി മൈക്കിളിനെതിരെ പൊലീസ് മേധാവി ആവശ്യമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുന്നത്. ഇയാളെ നേരത്തെ പ്രതിചേർത്തിരുന്നെങ്കിലും ഹൈക്കോടതി ഇടപെട്ട് ഒഴിവാക്കുകയായിരുന്നു.
പുലര്‍ച്ചെ മഠത്തിൻ്റെ അടുക്കളയിൽ വച്ച് സിസ്റ്റര്‍ അഭയ പ്രതികളെ കാണാൻ പറ്റാത്ത സാഹചര്യത്തിൽ കണ്ടതാണ് അവരുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇക്കാര്യത്തിൽ ഒന്നാം പ്രതി തോമസ് എം കോട്ടൂര്‍ പ്രോസിക്യൂഷൻ സാക്ഷിയായ കളര്‍കോട് വേണുഗോപാലിനോട് നടത്തിയ കുറ്റസമ്മതം ശക്തമായ തെളിവാണെന്ന് കോടതി അന്തിമവിധിയിൽ നിരീക്ഷിക്കുന്നു. കൊലപാതകത്തിൻ്റെ മുഖ്യസാക്ഷിയായ അടയ്ക്കാ രാജുവിൻ്റെ മൊഴികളെല്ലാം വിശ്വസനീയവും സാഹചര്യങ്ങളോട് ഒത്തുപോകുന്നതുമാണെന്നും കോടതി വിധിയിലുണ്ട്. ഫാദര്‍ തോമസ് കോട്ടൂർ പയസ് ടെൻത്ത് കോൺവെന്റിലെ നിത്യ സന്ദർശകനാണെന്ന് സാക്ഷിമൊഴികളിൽ നിന്നും മറ്റു തെളിവുകളിൽ നിന്നും വ്യക്തമായിട്ടുണ്ടെന്നും കോടതി വിധിന്യായത്തിൽ നിരീക്ഷിച്ചു.
1992 മാർച്ച് 27നാണ് കോട്ടയം പയസ് ടെത്ത് കോണ്‍വെൻറിൻറെ കിണറ്റിൽ സിസ്റ്റർ അഭയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രഹസ്യമൊഴി നൽകിയ ചില സാക്ഷികളുൾപ്പെടെ കൂറുമാറിയ കേസിൽ സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് നിർണായകമായി മാറിയത്. ലോക്കൽ പൊലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന എഴുതിത്തള്ളിയ സിസ്റ്റർ അഭയയുടെ മരണം കൊലപാതകമെന്ന് തെളിയിച്ചത് സിബിഐയാണ്.
അഭയയുടെ ഇൻക്വസ്റ്റിൽ കൃത്രിമം കാട്ടിയ കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ അഗസ്റ്റിനെയും തുടരന്വേഷണത്തിൽ കേസ് അട്ടിമറിച്ച ക്രൈം ബ്രാഞ്ച് മുൻ ഡിവൈഎസ്പി സാമുവലിനെയും മുൻ ക്രൈം ബ്രാഞ്ച് എസ്പി കെടി മൈക്കിളിനെയും പ്രതിചേർത്തിരുന്നു. സാമുവൽ മരിച്ചതിനാൽ കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കി. കേസിലെ രണ്ടാമത്തെ പ്രതിയായിരുന്ന ഫാ.ജോസ് പുതൃക്കയിലിൻറെയും കെടി.മൈക്കളിൻറെയും വിടുതൽ ഹർജി പരിഗണിച്ച് പ്രതിസ്ഥാനത്തുനിന്നും നേരത്തെ കോടതി ഒഴിവാക്കുകയായിരുന്നു. നീണ്ട 28 വര്‍ഷങ്ങളുടെ നിയമനടപികൾക്ക് ശേഷമാണ് അഭയയ്ക്ക് നീതി ലഭിക്കുന്നത്.