10 കോടിരൂപ വിവാദം ,ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഗുരുവായൂർ ദേവസ്വം
ഗുരുവായൂര്‍: ഹൈക്കോടതിയിൽ നിന്നും ഉണ്ടായ തിരിച്ചടിയിൽ മുഖം നഷ്ടപ്പെട്ട ഗുരുവായൂർ ദേവസ്വം ഭരണ സമിതി സുപ്രീം കോടതിയെ സമീപിക്കാൻ നീക്കം .ഇതിന്റെ ഭാഗമായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ ആരാമ സുന്ദരത്തിന്റെ നിയമോപദേശം തേടി യ ശേഷം അപ്പീൽ നൽകുന്ന കാര്യം പരിഗണിക്കാൻ ഭരണ സമിതി യോഗം തീരുമാനിച്ചു . ദേവന്റെ സ്വത്തിൽ നിന്നും സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും നൽകിയ 10 കോടി ഉടൻ തന്നെ ദേവസ്വത്തിലേക്ക്
തിരിച്ചടക്കാനും നിര്ദേശിക്കുകയുണ്ടായി, ഇതിനെ മറികടക്കാനാണ് സുപ്രീം കോടതിയെ സമീപിക്കാൻ ചൊവ്വാഴ്ച്ച ചേർന്ന ഭരണ സമിതി യോഗം തീരുമാനിച്ചത്.
സർക്കാരിൽ നിന്നും പണം തിരിച്ചു പിടിക്കുന്നത് മോശമായ ഏർപ്പാടായിട്ടാണ് ഈ ഭരണ സമിതി കാണുന്നത് .ഗുരുവായൂർ ദേവസ്വം ഒരു മതേതര സ്ഥാപനമാണ് എന്ന ദേവസ്വത്തിന്റെ വാദവും ഹൈക്കോടതി തള്ളിയിരുന്നു . സുപ്രീം കോടതിയിൽ അപ്പീൽ നൽകിയാൽ വിധി വരുന്നതിന് വർഷങ്ങളുടെ കാലതാമസമെടുക്കുയും ചെയ്യും . വിധി ദേവസ്വത്തിന് എതിരായാൽ തന്നെ അന്ന് അധികാരത്തിൽ ഉള്ള സർക്കാരാണ് പണം അടക്കേണ്ടി വരിക . ഈ ഭരണ സമിതിയും അന്ന് ഉണ്ടാകില്ല ആ ഒരു ധൈര്യത്തിലാണ് ഹൈക്കോടതി ഫുൾ ബെഞ്ച് വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതത്രെ . ഗുരുവായൂരപ്പന്റെ പണം ക്ഷേത്ര കാര്യങ്ങൾക്കല്ലാതെ വക മാറ്റാൻ പാടില്ലെന്ന നിയമം 1978 ൽ ഉണ്ടാക്കിയിട്ടുള്ളതാണ് . ഇന്ത്യൻ പ്രസിഡന്റിന്റെ അംഗീകാരത്തോടെയാണ് പ്രസ്തുത നിയമം പാസാക്കിയിട്ടുള്ളത് . ഈ നിയമം പൊളിച്ചെഴുതണം എന്നാവശ്യപ്പെട്ട് 1999 ഇടതു പക്ഷ സർക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി .
ഈ കേസിൽ സർക്കാരിന് വേണ്ടി ഹാജരായ സുപ്രീം കോടതിയിലെ പ്രശസ്ത അഭിഭാഷകൻ അശോക് ദേശായിക്ക് ഫീസിനത്തിൽ ദേവസ്വം നൽകിയ രണ്ടു ലക്ഷം രൂപ സർക്കാർ തിരിച്ചടക്കേണ്ടിയും വന്നിട്ടുണ്ട് . ഇത്തരം മുൻ അനുഭവങ്ങൾ ഉള്ളപ്പോഴാണ് ഒരു തത്വ ദീക്ഷയുമില്ലാതെ ഭഗവാന്റെ 10 കോടി രൂപ ദേവസ്വം അധികൃതർ ദുർവിനിയോഗം ചെയ്തത് .ഇനി സുപ്രീം കോടതിയിലും ദേവസ്വം പരാജയപെടുകയാണെങ്കിൽ വക്കീൽ ഫീസിനത്തിൽ ദേവസ്വത്തിൽ നിന്ന് നൽകുന്ന ലക്ഷങ്ങളും 10 കോടി രൂപയുടെ പലിശയും ചേർത്ത് കോടികൾ തന്നെ ഭരണ സമിതി അംഗങ്ങളും അഡ്മിനിസ്ട്രേറ്റർമാരും ചേർന്ന് തിരിച്ചടക്കേണ്ടി വരും എന്നാണ് നിയമ വിദഗ്‌ധരുടെ വിലയിരുത്തൽ ,പലരുടെയും കിടപ്പാടം തന്നെ നഷ്ടപ്പെട്ടാലും അത്ഭുതപ്പെടേണ്ട എന്നാണ് പറയുന്നത്