ഗുരുവായൂർ ദേവസ്വം സംഭാവന , പത്തു കോടിയുടെ പലിശ ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കണമെന്ന് ഭക്തർ
ഗുരുവായൂർ: സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം നൽകിയ പത്ത് കോടി രൂപ തിരിച്ചു കൊടുക്കാൻ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തിൽ പത്തു കോടി യുടെ പലിശ ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കണമെന്ന് ഭക്തർ ആവശ്യപ്പെട്ടു . ഇതിനു വേണ്ടി ഹൈക്കോടതിയെ തന്നെ സമീപിക്കാനാണ് ഭക്തരുടെ നീക്കം . 2018 ലെ പ്രളയ കാലത്താണ് ദേവസ്വം ആദ്യമായി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു കോടി രൂപ സംഭാവന നൽകിയത് . അതിനെതിരെയുള്ള കേസ് ഹൈക്കോടതിയിൽ നില നിൽക്കുമ്പോഴാണ് 2020 ൽ കോവിഡ് പ്രതിരോധത്തിനായി അഞ്ചു കോടി കൂടി നൽകിയത് .
ബാങ്കുകളിൽ സ്ഥിര നിക്ഷേപമായി കിടന്ന തുക എടുത്താണ് ഭരണ സമിതി സർക്കാരിന് നൽകിയത് . 2018 ൽ ബാങ്കിൽ നിന്ന് ഒൻപത് ശതമാനം വീതവും 2020 ൽ ഏഴര ശതമാനം പലിശ വീതവുമാണ് ദേവസ്വത്തിന് പലിശയായി ലഭിച്ചിരുന്നത് . സർക്കാർ പണം തിരിച്ചടക്കുമെങ്കിലും ഇതിന്റെ പലിശ ഒരിക്കലും സർക്കാർ നൽകാൻ തയ്യാറാകില്ല .ഇത് വഴി ഒരു കോടിയിൽ കൂടുതൽ രൂപയുടെ നഷ്ടമാണ് ദേവസ്വത്തിന് ഉണ്ടാകുന്നത്. അത് കൊണ്ട് തന്നെയാണ് 10 കോടി രൂപയുടെ പലിശ ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കണമെന്ന് ഭക്തർ ആവശ്യപ്പെടുന്നത് .
ദേവസ്വം ജീവനക്കാർ ഭഗവാന്റെ പണം നഷ്ടപ്പെടുത്തിയാൽ , നഷ്ടപ്പെടുത്തിയ പണത്തോടൊപ്പം 18 ശതമാനം പലിശ സഹിതമാണ് ദേവസ്വം ഈടാക്കുന്നത് . ആ മാന ദണ്ഡ മനുസരിച്ചാണെങ്കിൽ തിരിച്ചു പിടിക്കേണ്ട തുക പിന്നെയും കോടികൾ ഉയരും . കാലാകാലങ്ങളിൽ അധികാരത്തിൽ വരുന്ന ഭരണ സമിതികൾ ദേവസ്വം ആക്റ്റിനും ചട്ടത്തിനും വിരുദ്ധമായി നിയമപരമായി തെറ്റായ തീരുമാനം എടുക്കുമ്പോൾ അത് തടയേണ്ട ബാധ്യത അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഇരിക്കുന്ന ആൾക്കാണ്, അത് പോലെ തന്നെ ഇവിടെ തെറ്റായ തീരുമാനം ആണ് എടുത്തെങ്കിൽ അത് തടയേണ്ട ബാധ്യത ദേവസ്വം കമ്മീഷണർക്കുമുണ്ട് .ഭഗവാന്റെ സ്വത്തു വകകൾ നഷ്ടപ്പെടുന്നത് നോക്കണ്ട ഇവർ എല്ലാവരും ചേർന്ന സംഘമാണ് ദേവസ്വത്തിന് ഭീമമായ നഷ്ടം വരുത്തി വച്ചത് .
ഫയലിൽ ഒപ്പിടാൻ തയ്യാറാകാതിരുന്ന ദേവസ്വം കമ്മീഷണറെ മന്ത്രി കടകം പള്ളിയുടെ ഓഫീസിൽ വിളിച്ചു വരുത്തി ഭീഷണി പെടുത്തിയാണ് ഒപ്പ് ഇടുവിച്ചത് . ഇതിനു നേതൃത്വം കൊടുത്തത് ഇതിനു മുൻപിൽ ഉണ്ടായിരുന്ന അഡ്മിനിസ്ട്രെയ്റ്ററും . രണ്ടു ഭരണ സമിതിയിലെയും അംഗങ്ങക്ക് ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മാറി നില്ക്കാൻ കഴിയില്ല .ആദ്യ ഭരണ സമിതിയിൽ ഉണ്ടായിരുന്ന ചെയർമാനും ജീവനക്കാരുടെ പ്രതിനിധിയും രണ്ടാമത്തെ ഭരണ സമിതിയിലും തുടരുന്നുണ്ട് . തങ്ങളെ ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗങ്ങൾ ആക്കിയ സർക്കാരിനോട് നന്ദി കാണിക്കേണ്ടത് ഭഗവാന്റെ പണം ഉപയോഗിച്ചല്ല സ്വന്തം കയ്യിലെ പണം എടുത്ത് വേണമെന്ന നിലപാടിൽ ആണ് ഭക്തർ
.
ഇതിനിടയിൽ കേസിൽ നിന്ന് രക്ഷപെടാൻ വേണ്ടി ഗുരുവായൂർ ദേവസ്വം ഹൈക്കോടതിയിൽ നൽകിയ സത്യവാങ് മൂലം പുതിയ വിവാദത്തിന് തിരി കൊളുത്തി . ഗുരുവായൂർ ക്ഷേത്രം ഒരു മതേതര സ്ഥാപനമാണെന്നാണ് ഭരണ സമിതി ഹൈക്കോടതിയിൽ നിലപാട് എടുത്തത് , അതിന് നിരത്തിയ കാരണങ്ങൾ ഏറെ ബാലിശവും ക്ഷേത്ര നടയിൽ വെച്ചിട്ടുള്ള ഭണ്ഡാരത്തിൽ അന്യ മതസ്ഥർ കാണിക്ക ഇടാറുണ്ട് , കൂടാതെ ആശുപത്രിയിലും സ്‌കൂളിലും അന്യ മതസ്ഥർക്ക് പ്രവേശനം നല്കുന്നുണ്ട് കൂടി പറഞ്ഞു വെച്ചു . അന്യ മതസ്ഥർ ആരെങ്കിലും ക്ഷേത്രത്തിൽ കയറിയാൽ പുണ്യാഹം നടത്തി പൂജകൾ ആവർത്തിക്കുന്ന ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം . മുൻപ് പി ടി മോഹനകൃഷ്ണൻ ദേവസ്വം ചെയര്മാന് ആയിരുന്ന സമയത്ത് കോൺഗ്രസ് നേതാവ് വയലാർ രവിയുടെ പേരക്കുട്ടിയുടെ ചോറൂൺ ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് നടത്തിയത് വിവാദമായിരുന്നു . വയലാർ രവിയുടെ ഭാര്യ മെഴ്‌സി അന്യ മതസ്ഥ എന്ന് ചൂണ്ടിക്കാട്ടി പുണ്യാഹത്തിനുള്ള പണം അന്ന് ഈടാക്കിയിരുന്നു , ഇതിന് പുറമെ . ക്ഷേത്രത്തിലെ ഉത്സവ മേളങ്ങൾക്ക് ജാതീയ വേർ തിരിവ് ഇപ്പോഴും തുടരുന്ന ക്ഷേത്രം കൂടിയാണ് ഗുരുവായൂർ . ഇത്തരം ഒരു ക്ഷേത്ര സങ്കേതമാണ് മതേതര സ്ഥാപനം എന്ന് ഈ ഭരണ സമിതി ഉറപ്പിച്ചു പറയുന്നത്.