സോളാര്- ഇനിയും സത്യം പുറത്തുവരും, എനിക്കറിയാവുന്ന രഹസ്യങ്ങള്‍ മറ്റു ചിലരെ വേദനിപ്പിക്കുന്നതാണ്: ഉമ്മന്‍ചാണ്ടി
p>തിരുവനന്തപുരം: സോളാര്‍- ബാര്‍ കോഴ കേസുകളില്‍ പുതിയതായി വരുന്ന വെളിപ്പെടുത്തലുകള്‍ സത്യം കൂടുതല്‍ വ്യക്തമാകാന്‍ സഹായിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരുവനന്തപുരത്ത് കേസരി ഹാളില്‍ മീറ്റ് ദ പ്രസില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇക്കാര്യത്തില്‍ തനിക്കെതിരെ വലിയ ആക്ഷേപങ്ങള്‍ വന്ന സമയത്ത് ഒരുപരിധിയില്‍ കവിഞ്ഞ് വൈകാരിക പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നില്ല. തെറ്റ് ചെയ്തിട്ടില്ലെങ്കില്‍ ഒരു ദോഷവും സംഭവിക്കില്ലെന്നാണ് എന്റെ വിശ്വാസം. അതിനാല്‍ തന്നെ അന്നത്തെ ആരോപണങ്ങളില്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നില്ല.
ഇന്നല്ലെങ്കില്‍ നാളെ എല്ലാം പുറത്തുവരുമെന്ന് എനിക്കറിയാമായിരുന്നു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍ പലതും പൂര്‍ണമാണെന്ന് ഞാന്‍ പറയുന്നില്ല. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. അത് സമീപ ഭാവിയില്‍ പുറത്തുവരും. എറണാകുളം ഗസ്റ്റ് ഹൗസില്‍ വെച്ച് നടന്ന ചര്‍ച്ചയേപ്പറ്റി പുറത്തുപറയാത്തത് ആരെയും കുറ്റപ്പെടുത്താനോ വേദനിപ്പിക്കാനോ ശ്രമിക്കാത്ത ആളാണ് താനെന്നതുകൊണ്ടാണ്. പുതിയ വെളിപ്പെടുത്തലിനെ സംബന്ധിച്ച് അമിതമായി ആഹ്ലാദിക്കുകയോ ഒന്നുമില്ല. അന്ന് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അധികം ടെന്‍ഷന്‍ അടിച്ചില്ല, ഇപ്പോള്‍ ഇതുവന്നപ്പോള്‍ അമിതമായി ആഹ്ലാദിക്കുന്നുമില്ല. സോളാര്‍ കേസില്‍ ഇനിയും ചില കാര്യങ്ങള്‍ പുറത്തുവരാന്‍ കിടക്കുന്നു. – അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപങ്ങള്‍ക്ക് അധികാരങ്ങളും കൂടുതല്‍ ഫണ്ടുകളും നല്‍കിയത് യുഡിഎഫ് സര്‍ക്കാരുകളാണെന്നും ഉമ്മന്‍ ചാണ്ടി അവകാശപ്പെട്ടു. വലിയ വാദങ്ങള്‍ ഉയര്‍ത്തിയിട്ടും യുഡിഎഫ് നല്‍കിയതിനപ്പുറത്തേക്ക് നല്‍കാന്‍ എല്‍ഡിഎഫിന് സാധിച്ചിട്ടില്ലെന്നും മറിച്ച് അധികാരവും ഫണ്ടും വെട്ടിക്കുറയ്ക്കുകയാണ് ഈ എല്‍ഡിഎഫ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ധനകാര്യ കമ്മീഷന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ തുകപോലും ഈ സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു.
തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണെങ്കിലും കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളോട് ജനങ്ങള്‍ക്ക് അതൃപ്തിയുണ്ട്. അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പരസ്യങ്ങളില്‍ മാത്രമാണെന്നും സ്വജനപക്ഷപാതവും അഴിമതിയുമാണ് എല്ലാ പദ്ധതികളിലുമെന്നും അദ്ദേഹം ആരോപിച്ചു. പി.എസ്.സി ലിസ്റ്റിന്റെ കാലാവധി നീട്ടാതെയും പുതിയ ലിസ്റ്റ് കൊണ്ടുവരാതെയും പിന്‍വാതില്‍ നിയമനങ്ങള്‍ വര്‍ധിച്ചുവെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു. മറുവശത്ത് കാര്‍ഷിക നിയമത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ കര്‍ഷക വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നത്. ഇവയോടൊക്കെയുള്ള അസംതൃപ്തി തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് ഭാരപരിശോധന നടത്താതെ ഒരുകൊല്ലം നീട്ടിക്കൊണ്ടുപോയത് ഈ സര്‍ക്കാരാണ്. ഉദ്ഘാടനം വേഗത്തിലാക്കാന്‍ നടപടി ക്രമങ്ങള്‍ പാലിച്ചില്ല. ഈ സര്‍ക്കാരിന്റെ കാലത്താണ് പാലത്തിന്റെ 30 ശതമാനം നിര്‍മാണവും നടന്നത്. അതിനാല്‍ കൃത്യമായ അന്വേഷണം നടന്നാല്‍ ഇക്കാര്യങ്ങളൊക്കെ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.