ബംഗാളിലെ പഴയ കോട്ടയില്‍ സിപിഐഎമ്മിന്റെ പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു
കൊല്‍ക്കത്ത: ബംഗാളിലെ പഴയ കോട്ടയില്‍ സിപിഐഎമ്മിന് തിരിച്ചടി; പ്രമുഖ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ബംഗാളില്‍ മമത ബാനര്‍ജി 2011ല്‍ അധികാരത്തിലെത്തുന്നതിന് മുമ്പ് വരെ ഇടതുകോട്ടയായാണ് ഈസ്റ്റ് മിഡ്‌നാപ്പൂര്‍ ജില്ല അറിയപ്പെട്ടിരുന്നത്. സംസ്ഥാനത്തും ജില്ലയിലും തിരിച്ചു വരവിനൊരുങ്ങുന്ന സിപിഐഎമ്മിന് തിരിച്ചടിയേറ്റിരിക്കുകയാണ്.
രണ്ട് ജില്ലാ നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതാണ് ജില്ലയില്‍ സിപിഐഎമ്മിന് തിരിച്ചടിയായിരിക്കുന്നത്. ജില്ല കമ്മറ്റി അംഗം അര്‍ജുന്‍ മൊണ്ടാല്‍, മുന്‍ ജില്ല സെക്രട്ടറിയേറ്റ് അംഗം ശ്യാമള്‍ മൈറ്റി എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇവരോടൊപ്പം നിരവധി സിപിഐഎം പ്രവര്‍ത്തകരും ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്.
ആര്‍എസ്പി സംസ്ഥാന കമ്മറ്റി അംഗമായ അശ്വിനി ജനയും ബിജെപിയില്‍ ചേര്‍ന്നു. സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി കേന്ദ്ര കമ്മറ്റിയംഗം കൈലാഷ് വിജയവര്‍ഗിയ, സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷ് എന്നിവര്‍ സ്വീകരണ ചടങ്ങില്‍ പങ്കെടുത്തു.
സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വലിയ വാക്‌പോര് നടന്നുവരികയാണ്. അഴിമതിയാരോപണമാണ് ബിജെപി ഉന്നയിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഒരു അവകാശവും ബിജെപിക്കില്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സൗഗത റോയിയുടെ പ്രതികരണം.
ബിജെപിക്കൊരു നേതാവ് പോലും ബംഗാളിലില്ല. അത് കൊണ്ടാണ് സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള നേതാക്കളെ ബിജെപി ഇറക്കുന്നത്. ഈ നേതാക്കള്‍ക്ക് സംസ്ഥാനത്ത് യാതൊരു രാഷ്ട്രീയ പ്രാധാന്യവുമില്ലെന്നും സൗഗത റോയ് പറഞ്ഞു.