ബിനീഷ് കോടിയേരിയുമായി ഇടപാട് , നാല് പേർക്ക് ഹാജരാകാൻ ഇഡി നോട്ടീസ്.
തിരുവനന്തപുരം: കള്ളപ്പണം കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയ നാല് പേർക്ക് ഹാജരാകാൻ ഇഡി നോട്ടീസ്. അബ്ദുൽ ലത്തീഫ് , റഷീദ് , അനി കുട്ടൻ , അരുൺ എസ് എന്നിവർക്കാണ് ഇഡി നോട്ടീസ് അയച്ചത്. നവംബർ 18 ന് ഹാജരാകാനാണ് നിര്‍ദ്ദേശം. അബ്ദുൽ ലത്തീഫിനും റഷീദിനും നേരത്തെയും ഇഡി നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ ക്വാറന്‍റീനിലാണെന്ന കാരണം പറഞ്ഞ് ഇരുവരും ഹാജരായിരുന്നില്ല.
പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക സെല്ലിലാണ് ബിനീഷ് കോടിയേരിയുള്ളത്. കൊവിഡ് പരിശോധനയ്ക് ശേഷം ഇന്നലെയാണ് ബിനീഷിനെ പ്രത്യേക സെല്ലിലേക്ക് മാറ്റിയത്. ഇന്ന് പരിശോധനാഫലം ലഭിച്ചതിന് ശേഷം മാത്രമേ മറ്റ് പ്രതികളെ പാർപ്പിക്കുന്ന കെട്ടിടത്തിലേക്ക് മാറ്റുകയുള്ളൂ. സുരക്ഷ മുന്‍ നിർത്തി പ്രത്യേക സെല്ലില്‍ തന്നെ വരും ദിവസങ്ങളിലും പാർപ്പിക്കാനും ജയില്‍ അധികൃതർ ആലോചിക്കുന്നുണ്ട്. ബിനീഷ് ഭക്ഷണം കൃത്യമായി കഴിച്ചെന്നും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ജയില്‍ അധികൃതർ അറിയിച്ചു.
അതേസമയം ലൈഫ് മിഷൻ അന്വേഷണത്തിൽ നിയമസഭയുടെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ്. നിയമസഭ സെക്രട്ടറി നൽകിയ നോട്ടീസിനാണ് ഇഡി മറുപടി നൽകിയത്. അന്വേഷണത്തിന്റെ ഭാഗമായി ഫയലുകൾ വിളിച്ചു വരുത്താൻ ഇഡിക്ക് നിയമാനുസരണം അധികാരമുണ്ട്. അന്വേഷണത്തിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടു. ഈ അന്വേഷണ ഭാഗമായാണ് വിവരങ്ങൾ ശേഖരിച്ചതെന്ന് ഇഡി വ്യക്തമാക്കി.