തദ്ദേശ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു
തൃശൂർ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാ കളക്ടർ എസ് ഷാനവാസിന്റെ അധ്യക്ഷതയിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഏറെ വ്യത്യസ്തമായ ഒരു തിരഞ്ഞെടുപ്പാണിത്. കോവിഡുകാലത്ത് കാതലായ മാറ്റങ്ങളോടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. പ്രചരണത്തിലടക്കം കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും കളക്ടർ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വീടുകളിൽ അഞ്ചിൽ കൂടുതൽ ആളുകൾ പോകരുത്. മതസ്പർധ, വ്യക്തിഹത്യ, ജീവിത സ്വാതന്ത്ര്യത്തിന് ഭംഗംവരുത്തുക തുടങ്ങിയ വിധത്തിൽ പ്രചാരണങ്ങൾ നടത്തരുത്. കോവിഡിന്റെ പാശ്ചാത്തലത്തിൽ കൊട്ടിക്കലാശം, ജാഥ തുടങ്ങിയവ ഒഴിവാക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതുനിർദ്ദേശവും കളക്ടർ യോഗത്തിൽ അറിയിച്ചു. റോഡ്ഷോ/വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്ന് വാഹനം മാത്രമേ പാടുള്ളൂ. പൊതുയോഗങ്ങൾ നടത്തുന്നതിന് പോലീസിന്റെ മുൻകൂർ അനുമതി വാങ്ങണം. ഗതാഗത തടസ്സം ഉണ്ടാക്കുന്ന വിധത്തിൽ പ്രചാരണ പ്രവർത്തനങ്ങൾ പാടില്ല എന്നും തെരെഞ്ഞെടുപ്പിനായി പാസ് വാങ്ങുന്ന വാഹനങ്ങൾ നിർദിഷ്ട ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്ന കമ്മീഷന്റെ നിർദ്ദേശവും യോഗത്തിൽ കളക്ടർ വിശദീകരിച്ചു.
റൂറൽ ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, എ.ഡി.എം റെജി പി. ജോസഫ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ യു. ഷീജ ബീഗം, അഡീഷണൽ ഡി.സി.പി പി. വാഹിദ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.വി ദാസൻ, ജീൻ മൂക്കൻ, സൈനുദദ്ദീൻ, എം ജി നാരായൺ, പി.കെ ഷാജൻ തുടങ്ങിയവർ പങ്കെടുത്തു.