ആലത്തൂർ എം പി രമ്യഹരിദാസിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി
കോയമ്പത്തൂർ :കഴിഞ്ഞ ദിവസം ബാത്ത് റൂമിൽ കാൽ വഴുതി വീണ് കാലിൽ ഉണ്ടായ പൊട്ടൽ ശരിയാക്കുന്നതിന് തിങ്കളാഴ്ച ആലത്തൂർ എം പി രമ്യ ഹരിദാസിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഇടത്കാലിൽ രണ്ടിടത്തുണ്ടായിരുന്ന പൊട്ടൽ സ്റ്റീൽ റാഡിട്ട് മൂന്നുമണിക്കൂർ നീണ്ട ശാസ്ത്രക്രിയയിലൂടെയാണ് നേരെയാക്കിയത്. ഒന്നരമസത്തോളം വിശ്രമം വേണ്ടിവരുമെന്ന് ശാസ്ത്രക്രിയ്ക്ക് നേതൃത്വം നൽകിയ കോയമ്പത്തൂർ ഗംഗ ആശുപത്രയിലെ ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിൽ നല്ല പരിചരണം ലഭിക്കുന്നതായും വേഗത്തിൽ സുഖപ്പെട്ട് കർമരംഗത്ത് സജീവമാകുമെന്നും എല്ലാവരുടെയും പ്രാർത്ഥനക്കും ക്ഷേമന്വേഷണത്തിനും നന്ദിയുണ്ടെന്നും എം. പി പറഞ്ഞു.
അതേസമയം എം.പി.യുടെ പരിക്ക് കോൺഗ്രസ്സ് കേന്ദ്രങ്ങളിൽ കടുത്ത നിരാശയിലാഴ്ത്തുകയാണ്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ എം.പി.യ്ക്ക് പ്രചരണ പരിപാടികളിൽ പങ്കെടുക്കാൻ കഴിയാത്തത് യു.ഡി.എഫിന് ക്ഷീണമാകും. രമ്യ ഹരിദാസിന്റെ ഊർജ്ജസ്വലതലയും, താരപദവിയുമെല്ലാം തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് മണ്ഡലത്തിലുടനീളം പ്രയോജനപ്പെടുത്താൻ യു ഡി എഫ് പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെയാണ് അപ്രതീക്ഷിതമായുണ്ടായ പരിക്ക്. എങ്കിലും സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള പ്രചരണ പരിപാടിയ്ക്കുള്ള അണിയറ പ്രവർത്തനങ്ങളാണ് നടക്കുന്നത്.