ബിനീഷ് കോടിയേരി കൈമാറിയത് 5 കോടിയിലധികം രൂപ, ഇഡി
ബംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഇഡി. 2012 മുതൽ 19 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് കൈമാറിയത് 5,17,36,600 രൂപയാണെന്ന് ഇഡി റിപ്പോർട്ട് നൽകി. ഇത് ലഹരിമരുന്ന് കച്ചവടത്തിലൂടെ സമാഹരിച്ചതാണെന്നാണ് നിഗമനം. ഈ കണക്ക് ബിനീഷ് ആദായ നികുതി വകുപ്പിന് നൽകിയ കണക്കുമായി ഒത്തു പോകുന്നില്ലെന്നും ഇഡി കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകി. .
അനൂപ് മുഹമ്മദ്, റിജേഷ് എന്നിവർ ഡയറക്ടർമാരായ ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾ ബിനീഷിന്റെ ഉടമസ്ഥതയിലുള്ളതെന്നും ഇതിനെ പറ്റി അന്വേഷണം വേണമെന്നും ഇഡി പറയുന്നു. ബിനീഷ് കൊക്കെയിൻ ഉപയോഗിച്ചെന്നും സുഹൃത്തുക്കളോടൊപ്പം ചേർന്ന് അനധികൃത ലഹരി വ്യാപാരം നടത്തിയെന്നും കർണാടക സ്വദേശിയായ ഒരാൾ മൊഴി നൽകിയിട്ടുണ്ട്. നേരത്തെ ദുബായിൽ ബിനീഷ് പ്രതിയായ ബാങ്ക് തട്ടിപ്പ് കേസിനെ കുറിച്ചും അന്വേഷിക്കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. സ്വർണക്കടത്തു കേസിൽ പ്രതിചേർത്ത അബ്ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്നും , ഇത്തരത്തിൽ നിരവധി പേരെ ബിനാമിയാക്കി നിരവധി സ്വത്തുക്കൾ ബിനീഷ് മറച്ചു വച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇന്ന് ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി കോടതി നീട്ടി നൽകിയിരുന്നു. അഞ്ച് ദിവസത്തേക്ക് കൂടി ഇഡിക്ക് ബിനീഷിനെ കസ്റ്റഡിയിൽ വെക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. പത്ത് ദിവസം ആണ് ഇഡി ബിനീഷിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ശനിയാഴ്ച വരെ കസ്റ്റഡി അനുവദിക്കുകയായിരുന്നു. ആരോഗ്യസ്ഥിതി ഏറെ മോശമാണെന്ന് ബിനീഷ് കോടിയേരി മജിസ്ട്രേറ്റിനെ അറിയിച്ചിരുന്നു. ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് ഇഡി കോടതിയിൽ സമര്‍പ്പിച്ചു. ഇത് കൂടി പരിഗണിച്ചാണ് കോടതിയുടെ തീരുമാനം.