പാലത്തായി കേസ്, പുതിയ അന്വേഷണ സംഘം രൂപീകരിക്കണം : ഹൈക്കോടതി
കൊച്ചി : പാലത്തായി കേസില്‍ പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. കേസ് അന്വേഷിക്കാന്‍ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്നും നിലവിലെ ഉദ്യോഗസ്ഥരെ മാറ്റി പുതിയ സംഘത്തെ രണ്ടാഴ്‌ചയ്‌ക്കകം നിയമിക്കണമെന്നും കോടതി വ്യക്തമാക്കി. കേസിന്‍്റെ മേല്‍നോട്ടം ഐജി ശ്രീജിത്തിന് പകരം മറ്റൊരു ഉദ്യോഗസ്ഥനെ ഏല്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. കേസില്‍ അന്വേഷണ സംഘത്തെ മാറ്റണമെന്നു ആവശ്യപ്പെട്ടു പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി വിധി.
ഹര്‍ജിയെ എതിര്‍ക്കാതിരുന്ന സര്‍ക്കാര്‍ പീഡനത്തിരയായ പെണ്‍കുട്ടിക്കൊപ്പമാണെന്നും കോടതിയില്‍ വ്യക്തമാക്കി. കണ്ണൂര്‍ പാലത്തായിയില്‍ നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലാണ് കോടതി പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.
കേസില്‍ പ്രതിയായ പാലത്തായിയിലെ ബിജെപി നേതാവും അധ്യാപകനുമായ കുനിയില്‍ പദ്മരാജന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ലോക്കല്‍ പൊലീസ് ചുമത്തിയ പോക്സോ പിന്നീട് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഒഴിവാക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. ശാസ്ത്രീയ തെളിവുകള്‍ ഇല്ലാത്തതിനാല്‍ പോക്‌സോ വകുപ്പുകള്‍ ചുമത്തിയിട്ടില്ലെന്നാണ് അന്വേഷണ സംഘം പറഞ്ഞത്. അതേസമയം വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ശാരീരികമായി ഉപദ്രവിച്ചെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് കള്ളം പറയുന്ന സ്വഭാവമുണ്ടെന്നും ക്രൈം ബ്രാഞ്ച് സംഘം ഹൈക്കോടതിയില്‍ നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. സാമൂഹ്യനീതി വകുപ്പിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാര്‍ നല്‍കിയ വിവരങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു ഈ റിപ്പോര്‍ട്ട്. പെണ്‍കുട്ടി പലതും സങ്കല്‍പ്പിച്ച് പറയുന്ന സ്വഭാവക്കാരിയാണെന്നും പീഡനപരാതിയിലെ കാര്യങ്ങള്‍ ഭാവന മാത്രമാണെന്നുമാണ് ക്രൈം ബ്രാഞ്ച് മേധാവി ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുളള അന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഇതിന് പിന്നാലെ കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ചിന്റെ ചുമതലയുളള ഐജി എസ് ശ്രീജിത്തിന്റെ ശബ്ദസന്ദേശം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത് ഏറെ വിവാദമായിരുന്നു. ശ്രീജിത്തിന്റെ ശബ്ദ സന്ദേശം കേസിലെ പ്രതിയായ പദ്മരാജന് അനുകൂലമാണെന്നും അന്വേഷണം അട്ടിമറിക്കാനുളള നീക്കമാണിതെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.