ബിനീഷ് കോടിയേരിക്ക് ബെംഗളൂരുവിലും കുരുക്ക് , ലഹരിമരുന്ന് കേസിൽ ചോദ്യം ചെയ്യാൻ ചൊവ്വാഴ്ച ഹാജരാകണം
ബെംഗളൂരു: ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ബെംഗളൂരു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) ചോദ്യം ചെയ്യും. ബിനീഷിനോട് ഒക്ടോബർ ആറാം തീയതി ചൊവ്വാഴ്ച ബെംഗളൂരു ശാന്തിനഗറിലെ ഇ.ഡി. ഓഫീസിൽ ഹാജരാകാനാണ് നിർദേശം. ഇതുസംബന്ധിച്ച് ബിനീഷ് കോടിയേരിക്ക് നോട്ടീസ് നൽകിയതായി ബെംഗളൂരു ഇ.ഡി. ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ബെംഗളൂരു ലഹരിമരുന്ന് കേസിൽ എൻ.സി.ബി. അറസ്റ്റ് ചെയ്ത അനൂപ് മുഹമ്മദിന്റെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനെയും ചോദ്യം ചെയ്യുന്നത്. ബെംഗളൂരുവിലെ ഹോട്ടൽ ബിസിനസിനടക്കം ബിനീഷ് വലിയ തുക നൽകിയിരുന്നതായി അനൂപ് നേരത്തെ മൊഴി നൽകിയിരുന്നു. ഇക്കാര്യം ബിനീഷ് കോടിയേരിയും സ്ഥിരീകരിച്ചിരുന്നു. അതേസമയം, അനൂപിന്റെ ലഹരിമരുന്ന് ഇടപാടുകളെക്കുറിച്ച് അറിയില്ലെന്നും ബിനീഷ് പറഞ്ഞിരുന്നു.
ബെംഗളൂരു ലഹരിമരുന്ന് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന അനൂപിനെ കഴിഞ്ഞയാഴ്ചയാണ് ഇ.ഡി. അന്വേഷണസംഘവും വിശദമായി ചോദ്യംചെയ്തത്. കോടതിയുടെ അനുമതിയോടെ പരപ്പന അഗ്രഹാര ജയിലിലെത്തിയായിരുന്നു ചോദ്യംചെയ്യൽ. ഇതിനുപിന്നാലെയാണ് ബിനീഷ് കോടിയേരിയോടും ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
സെപ്റ്റംബർ ഒമ്പതിന് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ടും ബിനീഷിനെ ഇ.ഡി. ചോദ്യംചെയ്തിരുന്നു. വിദേശത്ത് നിന്നുള്ള പണമിടപാട് സംബന്ധിച്ചാണ് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ മണിക്കൂറുകളോളം ചോദ്യംചെയ്തത്. ഇതിനുപിന്നാലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. ബിനീഷിന്റെ സ്വത്തുവകകൾ സംബന്ധിച്ച വിവരങ്ങൾ കൈമാറണമെന്നും ഇ.ഡി.യെ അറിയിക്കാതെ സ്വത്ത് ക്രയവിക്രയം ചെയ്യാൻ പാടില്ലെന്നും നിർദേശമുണ്ടായിരുന്നു.