വടക്കാഞ്ചേരി ഫ്ളാറ്റ് തട്ടിപ്പ് കേസ് , മുഖ്യമന്ത്രി ഉൾപ്പടെ 10 പേർക്കെതിരെ അനിൽ അക്കര എം എൽ എ പോലീസിൽ പരാതി നൽകി
തൃശൂർ : ലൈഫ് മിഷന്‍ വടക്കാഞ്ചേരി ഫ്ളാറ്റ് തട്ടിപ്പ് കേസ്സില്‍ 10 പേര്‍ക്കെതിരെ അനില്‍ അക്കര എം.എല്‍.എ വടക്കാഞ്ചേരി പോലീസില്‍ പരാതി നല്‍കി. യു.എ.ഇ റെഡ് ക്രെസന്റില്‍ നിന്നും ലഭിച്ച 19 കോടി രൂപയില്‍ നിന്നും 9 കോടി രൂപ ഗൂഢാലോചന നടത്തി തട്ടിയെടുത്ത
ലൈഫ് മിഷന്‍ ചെയര്‍മാനായ സംസ്ഥാന മുഖ്യമന്ത്രി, വൈസ് ചെയര്‍മാനായ തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി, സ്വപ്ന സുരേഷ്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്.
പ്രതികള്‍ക്കെതിരെ ഐ.പി.സി ആക്ട് 120 B, 406, 408, 409, 420 എന്നീ വകുപ്പുകള്‍ അനുസരിച്ച് കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രേഖകള്‍ നല്‍കാതിരിക്കുന്നത് മുഖ്യമന്ത്രിക്കും വകുപ്പുമന്ത്രിക്കും ഇതില്‍ പങ്കുള്ളതുകൊണ്ടാണ്. 2019 ആഗസ്ത് 26 ന് നടന്ന യോഗം, 2019 ജൂലൈ 11 ന് നടന്ന യോഗം, 2019 ഒക്ടോബര്‍ 16 ന് നടന്ന യോഗം, 2020 മേയ് 21 ന് നടന്ന യോഗം എന്നിവയുടെ മിനിട്സ് പരിശോധിച്ചാല്‍ മുഖ്യമന്ത്രിയുടെയും തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രിയുടെയും, പങ്കാളിത്തം വ്യക്തമാകും. ഇതിനാലാണ് ഈ രേഖകള്‍ പ്രതിപക്ഷ നേതാവിന് നല്‍കാത്തതെന്ന് അനില്‍ അക്കര എം.എല്‍.എ വടക്കാഞ്ചേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ ഡി.സി.സി സെക്രട്ടറിമാരായ കെ. അജിത്ത്കുമാര്‍, ഷാഹിദ റഹ്മാന്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ പി.എന്‍. വൈശാഖ്, അഭിലാഷ് ശ്രീനിവാസ്, നഗരസഭാ കൗണ്‍സിലര്‍ ടി.വി സണ്ണി, സി.കെ. ശങ്കരന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു