കരിപ്പൂർ സ്വര്‍ണക്കടത്ത്, രണ്ട് വിമാനത്താവള ജീവനക്കാർ ഡിആർഐയുടെ കസ്റ്റഡിയിൽ.
കോഴിക്കോട്∙ കരിപ്പൂരില്‍ സ്വര്‍ണക്കടത്ത് തടഞ്ഞ ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് വധിക്കാന്‍ ശ്രമിച്ച കേസിൽ വിമാനത്താവളത്തിലെ രണ്ടു താല്‍ക്കാലിക ജീവനക്കാരെ ഡിആര്‍ഐ കസ്റ്റഡിയിലെടുത്തു. കള്ളക്കടത്ത് സ്വര്‍ണം പുറത്തെത്തിക്കാന്‍ ഇവര്‍ സഹായിച്ചുവെന്ന് നിഗമനം. കരിപ്പൂർ വിമാനത്താവളത്തിനടുത്ത് ഡിആർഐ സംഘത്തെ വാഹനം ഇടിച്ചുതെറിപ്പിച്ചശേഷം രക്ഷപെടാനായിരുന്നു സ്വർണക്കടത്തു സംഘത്തിന്റെ ശ്രമം. തൊട്ടുപിന്നാലെ കാർ നിയന്ത്രണംവിട്ട് മരത്തിൽ ഇടിച്ചതോടെ ഒരു പ്രതി പിടിയിലായി. വാഹനം ഒാടിച്ചയാള്‍ക്കായി തിരച്ചില്‍ തുടരുന്നു. നാലു കിലോയോളം സ്വര്‍ണം പിടികൂടി. രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു.
കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്ന് സ്വര്‍ണവുമായി വന്ന കാറിനെ പിന്തുടര്‍ന്ന ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച രണ്ടു ബൈക്കുകളില്‍ ഒന്നാണ് ഇടിച്ചു തെറിപ്പിച്ചത്. സ്വര്‍ണക്കടത്തുകാരുടെ കാര്‍ നിര്‍ത്താന്‍ കൈ കാട്ടിയതിനു പിന്നാലെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. 25 മീറ്ററോളം റോഡിലൂടെ വലിച്ചിഴച്ചുകൊണ്ടുപോയി.
നിയന്ത്രണം വിട്ട കാര്‍ മരത്തില്‍ ഇടിച്ചു നിന്നതോടെ ഒരു പ്രതി പിടിയിലായി. ബൈക്ക് പൂര്‍ണമായും തകര്‍ന്നു. ഡിആര്‍ഐ ഉദ്യോഗസ്ഥന്‍ ആല്‍ബര്‍ട്ട് ജോര്‍ജും ഡ്രൈവര്‍ നജീബും സാരമായ പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്. കൊടുവള്ള സ്വദേശി നിസാറാണ് അറസ്റ്റിലായത്. വധശ്രമത്തിന് പൊലീസ് കേസെടുത്തു.
ഇടിപ്പിച്ച കാറോടിച്ച അരീക്കോട് പത്തനാപുരം സ്വദേശി ഫസല്‍ അടിവസ്ത്രങ്ങള്‍ മാത്രം ധരിച്ച് അപകട സ്ഥലത്തു നിന്ന് രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പരിസരത്തെ ഒരു വീട്ടില്‍ നിന്ന് മുണ്ടു വാങ്ങിയാണ് രക്ഷപ്പെട്ടത്. അപകടസ്ഥലത്തു വലിച്ചെറിഞ്ഞ നാലു കിലോയോളം വരുന്ന സ്വര്‍ണമിശ്രിതം കണ്ടെടുത്തിട്ടുണ്ട്. അരീക്കോട് ഊര്‍ങ്ങാട്ടിരി പനബ്ലാവ് സ്വദേശി ഷീബയുടെ ഉടമസതതയിലുളള കാറിലാണ് സ്വര്‍ണം കടത്തിയത്.