ആയുര്‍വ്വേദ സ്ഥാപന ഉടമയില്നിന്നും 26.59 ലക്ഷം രൂപ തട്ടിയ പ്രതി അറസ്റ്റില്‍ .
ഗുരുവായൂര്‍: ഒരുമനയൂരിലെ ആയുര്‍വ്വേദ സ്ഥാപന ഉടമയില്നിന്നും 26.59 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒരാളെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റുചെയ്തു. പുന്നയൂര്‍ കൊട്ടാരത്തില്‍ വീട്ടില്‍ നവാബ് വാജിദിനേയാണ് (29) കോഴിക്കോട് വെച്ച് കാറില്‍ യാത്രചെയ്യവെ ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ: സി. പ്രേമാനന്ദകൃഷ്ണനും, സംഘവും പിന്തുടര്‍ന്ന് പിടികൂടിയത്. യന്ത്രങ്ങള്‍ നല്‍കാമെന്നും, ആയുഷ്മിഷന്റെ അംഗീകാരം ലഭ്യമാക്കാമെന്നും വിശ്വസിപ്പിച്ച് 2017-ല്‍ തുക തട്ടിയെടുത്തുവെന്നതാണ് കേസ്.
ആയുര്‍വ്വേദ സ്ഥാപന ഉടമയെകൊണ്ട് ബാങ്കില്‍നിന്നും വായ്പ്പയെടുപ്പിച്ചശേഷം, കോട്ടയം ജില്ലയിലെ വ്യാജസ്ഥാപനത്തിന്റെ വിലാസത്തിലുള്ള അക്കൗണ്ടിലേയ്ക്ക് തുക മാറ്റുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് വടകര സ്വദേശിനി സാജിതയെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. എ.എസ്.ഐമാരായ പി.എസ്. അനില്‍കുമാര്‍, കെ. ഗിരി, സി.പി.ഓമാരായ യൂനസ്, സതീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു