പിണറായി വിജയന്‍ എന്നും കേരള മുഖ്യമന്ത്രിയായിരിക്കുമെന്ന് പോലീസ് ധരിക്കരുത് : രമേശ് ചെന്നിത്തല
ചാവക്കാട്: പിണറായി വിജയന്‍ എന്നും കേരള മുഖ്യമന്ത്രിയായിരിക്കുമെന്ന് പോലീസ് ധരിക്കരുത്
എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .സമാധാനപരമായി നടത്തിയ മാര്‍ച്ചിനു നേരെ ഗ്രനേഡും ജലപീരങ്കിയും പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജു നടത്തുകയും ചെയ്ത പോലീസ് നടപടി അപലപനീയമാനെന്നും രമേശ് ചെന്നിത്തല പറഞ്ഞു .യു.ഡി.എഫ്. ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട്ട് നടത്തിയ പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല.
പോലീസ് പ്രവര്‍ത്തിക്കേണ്ടത് നിയമങ്ങളുടെ അടിസ്ഥാനത്തിലാവണം.ഭരിക്കുന്ന ആളുകളുടെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിച്ച് യു.ഡി.എഫ്. പ്രവര്‍ത്തകരെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നതെങ്കില്‍ അതിനെ എന്തുവില കൊടുത്തും നേരിടും-.കേരളത്തില്‍ ഉടനീളം പോലീസിന്റെയോ സി.പി.എം.,എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെയോ നേതൃത്വത്തില്‍ യു.ഡി.എഫ്. പ്രവര്‍ത്തകര്‍ മര്‍ദ്ദനമേല്‍ക്കുന്ന സ്ഥിതി പതിവായി.പരിക്കേറ്റവരെ കാണാന്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡു വരെ ദിവസവും ആശുപത്രികള്‍ കയറിയിറങ്ങേണ്ട സ്ഥിതിയാണ് തനിക്കിപ്പോള്‍.കടുത്ത സാമ്പത്തിക ഞെരുക്കത്തിലുടെ സംസ്ഥാനം കടന്നുപോകുമ്പോഴും പിണറായി സര്‍ക്കാരിന് ധൂര്‍ത്തിന് ഒരു കുറവുമില്ല.
മുഖ്യമന്ത്രിക്കായി ഹെലികോപ്റ്ററും മൂന്ന് ബുള്ളറ്റ് പ്രൂഫ് കാറുകളും വാങ്ങാനുള്ള നീക്കം ഈ ധൂര്‍ത്തിന്റെ മുഖമാണ്.വിശപ്പു മാറ്റാന്‍ സ്വന്തം മക്കള്‍ക്ക് മണ്ണു വാരി നല്‍കുന്ന കേരളത്തിലാണ് ഈ ധൂര്‍ത്തെന്ന് ഓര്‍ക്കണം.മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉദ്യോഗസ്ഥരും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതുകൊണ്ട് നാടിനോ ജനങ്ങള്‍ക്കോ ഒരു ഗുണവുമില്ല.അഴിമതിക്കു വേണ്ടിയാണ് കിഫ്ബിയില്‍ ഓഡിറ്റ് വേണ്ടെന്ന് പറയുന്നത്-ജനങ്ങളുടെ താല്‍പ്പര്യത്തേക്കാള്‍ കുത്തക കോര്‍പ്പറേറ്റുകളുടെയും സമ്പന്നരുടെയും താല്‍പ്പര്യത്തിനായി ഭരിക്കുന്ന നരേന്ദ്രമോദിയും പിണറായി വിജയനും ഒരേ പാതയിലാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
.യു.ഡി.എഫ്. ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ആര്‍.വി.അബ്ദുള്‍ റഹീം അധ്യക്ഷനായി.യു.ഡി.എഫ്.നേതാക്കളായ ഒ.അബ്ദുറഹിമാന്‍ കുട്ടി, പി.എ.മാധവന്‍, സി.എച്ച്.റഷീദ്, എം.വി.ഹൈദരാലി,വെട്ടം ആലിക്കോയ, ജോസഫ് ചാലിശ്ശേരി, പി.ടി.അജയമോഹന്‍, തോമസ് ചിറമ്മല്‍, ജോസ് വള്ളൂര്‍, കെ.വി.ഷാനവാസ്, വി വേണുഗോപാല്‍, സി.മുസ്താഖലി തുടങ്ങിയവര്‍ പ്രസംഗിച്ചു. കഴിഞ്ഞ 27-ന് കോണ്‍ഗ്രസ് നടത്തിയ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജു നടത്തിയും ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചും പ്രവര്‍ത്തകരെ നേരിട്ട പോലീസ് നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു സംഗമം. കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് പുന്ന നൗഷാദ് വധക്കേസിന്റെ അന്വേഷണം സി.ബി.ഐ.ക്കു വിടണമെന്നാവശ്യപ്പെട്ടായിരുന്നു ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് നടത്തിയത്.