കനക കാന്തിയില്‍ , ശ്രീഗുരുവായൂരപ്പന്‍ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളി

">

ഗുരുവായൂര്‍: പഞ്ചാരിമേളത്തിന്റേയും ഇടയ്ക്കാ നാദസ്വരത്തിന്റേയും അകമ്പടിയില്‍ ശ്രീഗുരുവായൂരപ്പന്‍ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളി. പുളിക്കിഴെ വാരിയത്ത് കുടുംബം വകയായുള്ള അഷ്ടമി വിളക്ക് ദിനമായ ബുധനാഴ്ച രാത്രി വിളക്കെഴുന്നെള്ളിപ്പിനാണ് ഭഗവാന്‍ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളിയത്. ദേവസ്വം ആനതറവാട്ടിലെ ഗജകേസരി ശ്രീധരന്‍, തങ്കതിടമ്പേറ്റിയുള്ള ഭഗവാന്റെ സ്വര്‍ണ്ണകോലം ശിരസ്സിലേയ്‌ക്കേറ്റുവാങ്ങിയപ്പോള്‍, കൊമ്പന്മാരായ ദാമോദര്‍ദാസും, വിനായകനും പറ്റാനകളായി. മൂന്നുപ്രദക്ഷിണത്തോടേയുള്ള രാത്രിശീവേലിയ്ക്ക്‌ശേഷം, നാലാം പ്രദക്ഷിണത്തിലാണ് ഇടയ്ക്കാ നാദസ്വരത്തിന്റെ അകമ്പടിയില്‍ ശ്രീഗുരുവായൂരപ്പന്‍ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളിയത്.

തുടര്‍ന്ന് ഗുരുവായൂര്‍ ശശിമാരാരുടെ മേളപ്രമാണത്തില്‍ മികവാര്‍ന്ന പഞ്ചാരിമേളത്തിന്റെ അകമ്പടിയില്‍ അഞ്ചാംപ്രദക്ഷിണവും പൂര്‍ത്തിയാക്കി. സ്വര്‍ണ്ണകോലമേറ്റിയുള്ള രാത്രിവിളക്കെഴുന്നെള്ളിപ്പിന് നൂറുകണക്കിന് ഭക്തജനങ്ങള്‍ ഭഗവാന്റെ അനുഗ്രഹം ഏറ്റുവാങ്ങി. അമൂല്ല്യവും, അനാദൃശ്യവുമായ ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കോലം, വര്‍ഷത്തില്‍ ഏകാദശി, ഉത്സവം, അഷ്ടമിരോഹിണി എന്നീ ആഘോഷങ്ങളോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ മാത്രമേ പുറത്തെടുത്ത് എഴുന്നെള്ളിക്കാറുള്ളു. ഇനി ഏകാദശി ദിവസം വരെ സ്വര്‍ണ്ണകോലത്തിലെഴുന്നെള്ളിയ ഭഗവാനെ ദര്‍ശിയ്ക്കാമെന്നുള്ളതാണ് വാതാലയേശന്റെ തിരുമുറ്റത്തെത്തുന്ന ഭക്തജന സഹസ്രത്തിന്റെ മഹാഭാഗ്യം.

വ്യാഴം വെള്ളി ,ശനി എന്നീ ദിവസങ്ങളില്‍ കാഴ്ച്ചശീവേലിയ്ക്ക് ഒരുനേരവും, ഏകാദശി ദിവസം രാവിലത്തെ പ്രൗഢഗംഭീരമായ കാഴ്ച്ചശീവേലിയ്ക്കും, രാത്രി വിളക്കെളുന്നെള്ളിപ്പിനും ഭഗവാന്റെ തങ്കതിടമ്പ് സ്വര്‍ണ്ണകോലത്തിലാണ് എഴുന്നെള്ളിയ്ക്കുക. ഏകാദശിദിവസമായ ഞായറാഴ്ച്ച ദേവസ്വം നേരിട്ട് നടത്തുന്ന ഉദയാസ്ഥമനപൂജയോടുകൂടിയുള്ളതാണ് വിശേഷാലുള്ള വിളക്കാഘോഷം. ഇതോടെ ഏകാദശിയോടനുബന്ധിച്ച് 31-ദിവസം നീണ്ടുനിന്ന ഈ വര്‍ഷത്തെ വിളക്കാഘോഷത്തിന് പരിസമാപ്തിയാകും .

Leave a Reply

Your email address will not be published. Required fields are marked *

Sponsors