Madhavam header
Above Pot

കലശമല ഇക്കോ ടൂറിസം കേന്ദ്രം ഡിസംബറിൽ ഉദ്ഘാടനം ചെയ്യും

കുന്നംകുളം : കലശമല ഇക്കോ ടൂറിസം കേന്ദ്രം ഡിസംബറിൽ ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ വിനോദ സഞ്ചാര മേഖലയ്ക്ക് കാഴ്ച നൽകുന്ന കലശമല ഇക്കോ ടൂറിസം കേന്ദ്രം ഡിസംബർ അവസാന വാരത്തിൽ ജനങ്ങൾക്കായി തുറന്നു കൊടുക്കും. കുന്നംകുളത്ത് നിന്ന് അഞ്ച് കിലോ മീറ്റർ അകലെയുള്ള കലശമല ഇക്കോ ടൂറിസം കേന്ദ്രം ടൂറിസം വകുപ്പ് മന്ത്രി കടകംപിള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് സ്ഥലം എം എൽ എ യും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായ എ സി മൊയ്തീൻ അറിയിച്ചു.

ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത്, പോർക്കുളം ഗ്രാമ പഞ്ചായത്ത് എന്നിവയുടെ ഉടമസ്ഥതയിലുള്ള 2.64 ഏക്കർ ഭൂമിയിലാണ് ഇക്കോ ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നത്. 2017ൽ നിർമാണമാരംഭിച്ച ഈ പദ്ധതിയ്ക്ക് സർക്കാർ 2.20 കോടി രൂപയാണ് അനുവദിച്ചത്. തുടർന്ന് മറ്റ് വികസന പ്രവർത്തനങ്ങൾ, സ്ഥലമേറ്റെടുക്കൽ എന്നിവയ്ക്കായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 കോടി രൂപയും അനുവദിച്ചു. സംസ്ഥാന നിർമിതി കേന്ദ്രത്തിനാണ് കലശമല ഇക്കോ ടൂറിസം പദ്ധതിയുടെ നിർമാണ ചുമതല.

Astrologer

ആകർഷകമായ കവാടം, പാർക്കിനുളളിൽ ഹെർബൽ ഗാർഡൻ, സസ്യോദ്യാനം, മ്യൂറൽ പെയിന്റിങ്സ് എന്നിവ ഏവരേയും ആകർഷിക്കും. മൂന്ന് വ്യൂ പോയിന്റുകളിൽ നിന്ന് സന്ദർശകർക്ക് കലശമലയുടെ സൗന്ദര്യം ആസ്വദിക്കാനാവും. കേന്ദ്രത്തിൽ കുട്ടികൾക്കായി 20 ഓളം ഇനങ്ങളിൽ കളിപ്പാട്ടങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ജിംനാസ്റ്റിക്സ് കേന്ദ്രവും ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്കായി ലഘുഭക്ഷണശാലയും ഉണ്ടാകും.

കലശമല ഇക്കോ ടൂറിസം പദ്ധതിയുടെ സൗകര്യങ്ങൾ വർധിപ്പിക്കാനും ഭാവിയിലുള്ള വികസനത്തിനുമായി അധികഭൂമി ഏറ്റെടുക്കാനുള്ള സർവേ നടപടികളും ആരംഭിച്ചു. സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള 5.25 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. സ്ഥലം ഏറ്റെടുക്കൽ നടപടികൾക്കായി ഭൂരേഖ തഹസിൽദാറെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗം ചുമതലപ്പെടുത്തിയിരുന്നു.

Vadasheri Footer