ഗുരുവായൂരിലെ പുതിയ സ്റ്റേഷന്‍ കെട്ടിടത്തിലേക്ക് കണ്ടാണശ്ശേരിയിലെ സ്റ്റേഷനും മാറ്റണം .
ഗുരുവായൂര്‍ : ടെംപിള്‍ പോലീസ് സ്‌റ്റേഷനായി ഗുരുവായൂരില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിലേക്ക് കണ്ടാണശ്ശേരിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷന്‍ മാറ്റുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ ദാമോദരന്‍ പഠനഗവേഷണ കേന്ദ്രം ആന്റ് വായനശാല ഭാരവാഹികള്‍ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി.
ഗുരുവായൂര്‍ കേന്ദ്രമായി സ്‌റ്റേഷന്‍ നിലവില്‍ വന്നാല്‍ സ്‌റ്റേഷന്‍ പരിധിയിലെ ജനങ്ങള്‍ക്ക് ഏറ്റവും സൗകര്യപൂര്‍വ്വം പോലീസ് സ്‌റ്റേഷനിലെത്താനും പോലിസിന് തങ്ങളുടെ പരിധിയിലെ ക്രമസമാധാന പാലനം സുഗമമായി നടത്താനും സാധിക്കുമെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ കണ്ടാണശ്ശേരിയില്‍ നല്‍കുന്ന അനാവശ്യ വാടക ഒഴിവാക്കാമെന്നും സ്റ്റേഷനായി പുതിയ സ്ഥലം അന്വേഷിക്കേണ്ടതില്ലെന്നും പ്രസിഡണ്ട് കെ കെ ശ്രീനിവസന്‍, കെ കെ ജ്യോതിരാജ് എന്നിവര്‍ സമര്‍പ്പിച്ച നിവേദനത്തില്‍ പറയുന്നു. ദേവസ്വത്തിന്റെ കീഴിലുള്ള 21 സെന്റ് സ്ഥലത്താണ് 4 നിലയില്‍ കെട്ടിടം പണിയുന്നത്.
പ്രതിമാസം 30000 രൂപ വാടകനിശ്ചയിച്ചാണ് ദേവസ്വവും റേഞ്ച് ഐജിയും കരാര്‍ ഒപ്പുവെച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്നത്. കെട്ടിട സമുച്ചയ നിര്‍മ്മാണത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ടെംപിള്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം നിലവില്‍ കൈരളി ജംഗ്ഷനിലേക്ക് മാറ്റിയിരിക്കുകയാണ്.