സഹപാഠികളുടെ കൈ പിടിച്ച് അശോകന്‍ കുടുംബ ജീവിതത്തിൻറെ ക്ലാസിൽ
ഗുരുവായൂര്‍: ജീവിതത്തിൻറെ ‘ക്ലാസിൽ’ കയറാൻ മടിച്ചു നിന്ന അശോകനെ സഹപാഠികൾ ചേർന്ന് കുടുംബ ജീവിതത്തിൻറെ ക്ലാസിൽ കയറ്റി. ഇനി അശോകന് തുണയായി അജിതയുണ്ടാകും. ചാവക്കാട് എം.ആര്‍.ആര്‍.എം. ഹൈസ്‌കൂളിലെ 1983 – 84 ബാച്ച് ഒത്തുചേർന്നാണ് തങ്ങളെ സഹപാഠിയായ അശോകന് ജീവിത പങ്കാളിയെ കണ്ടെത്തിയതും വിവാഹം നടത്തി കൊടുത്തതും. പ്രായം അന്പതിലെത്തിയിട്ടും ജീവിതപ്രാരാബ്ധങ്ങളിൽ വിവാഹം മറന്നു പോയ അശോകനെ സഹപാഠികൾ ചേർന്ന് പുതുജീവിതം ഒരുക്കുകയായിരുന്നു.
അപൂർവ വിവാഹത്തിലെ നായകൻ അശോകനും നായിക അജിതക്കും ആശംസകൾ നേരാൻ നിരവധിപേരെത്തി. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എയും നടൻ ജയരാജ് വാര്യരും ചേർന്ന് പാട്ടുകൾ പാടിയാണ് വിവാഹം കെങ്കേമമാക്കിയത്. ഗുരുവായൂർ നഗരസഭാധ്യക്ഷ വി.എസ്. രേവതി, ചാവക്കാട് നഗരസഭാധ്യക്ഷൻ എൻ.കെ. അക്ബർ, അർബാൻ ബാങ്ക് ഭരണ സമിതി അംഗങ്ങളായ വി. വേണുഗോപാൽ, പി. യതീന്ദ്രദാസ് എന്നിവരെല്ലാം ആശംസകൾ നേരാനെത്തിയിരുന്നു. ടി.എൻ. പ്രതാപൻ എം.പി ഫോണിലൂടെ ആശംസ നേർന്നു. തങ്ങൾക്കെല്ലാം കുടുംബ ജീവിതമായിട്ടും അശോകൻ ‘ബാച്ച്‌ലര്‍’ ആയി തുടരുന്നത് കണ്ടാണ് മൂന്ന് മാസം മുമ്പ് സഹപാഠികൾ കൂട്ടുകാരനു വേണ്ടി പെണ്ണുകാണാനിറങ്ങിയത്. അശോകൻറെ ബന്ധുക്കളും സഹപാഠികൾക്കൊപ്പം നിന്നു.
ചെറുപ്പത്തില്‍ പിതാവും 15 വര്‍ഷം മുമ്പ് മാതാവും മരിച്ച അശോകൻ തനിച്ചായിരുന്നു താമസം. ഗുരുവായൂരിലെ ഓട്ടോ ഡ്രൈവറായ അശോകൻ അർബൻ ബാങ്കിലെ രാത്രികാല കാവൽക്കാരനുമാണ്. ചക്കംകണ്ടം കാക്കശേരി പരേതനായ കൊച്ചുവിൻറെയും മണിയുടെയും മകൾ അജിതയെയാണ് കണ്ട് ഇഷ്ടപ്പെട്ടത്. വിവാഹം നിശ്ചയിച്ചതോടെ ആഭരണങ്ങളും വസ്ത്രങ്ങളുമെല്ലാം ചെറുക്കനും പെണ്ണിനും സമ്മാനിച്ചതും വേറിട്ട ക്ഷണക്കത്തും വിവാഹ വിരുന്നുമെല്ലാം ഒരുക്കിയതും സഹപാഠികൾ തന്നെയായിരുന്നു. സഹപാഠികൾ ചേർന്ന് കൂട്ടുകാരന് ജീവിതം നൽകുന്ന വാർത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞ് മലപ്പുറത്ത് നിന്ന് അഞ്ചംഗ സംഘം ആശംസകൾ നേരാനെത്തിയതും ശ്രദ്ധേയമായിരുന്നു.