മഹാരാഷ്ട്ര , ഭൂരിഭാഗം എന്‍ സി പി വിമത എം എല്‍ എ മാരെ തിരികെയെത്തി ച്ചു
മുംബൈ: മഹാരാഷ്ട്രയിൽ ഭൂരിഭാഗം വിമതരെയും തിരികെയെത്തിച്ച് ബിജെപിക്ക് കനത്ത തിരിച്ചടി നൽകിയ ശേഷം എംഎൽഎമാരെ ഹോട്ടലിലേക്ക് മാറ്റുകയാണ് എൻസിപി. മുംബൈയിലെ റിനൈസൻസ് ഹോട്ടലിലേക്ക് ഇവരെ മാറ്റുമെന്നാണ് വിവരം. അജിത് പവാറിനെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്ത് നിന്ന് എംഎൽഎമാരുടെ യോഗം പുറത്താക്കി. പകരം ജയന്ത് മുണ്ടെയാണ് പുതിയ നിയമസഭാ കക്ഷി നേതാവ്.
ആകെയുള്ള 54 എംഎൽഎമാരിൽ 50 പേരും ഇപ്പോൾ ശരത് പവാറിനൊപ്പമാണ്. മൂന്ന് പേർ മാത്രമാണ് അജിത് പവാറിന്റെ കൂടെയുള്ളത്. എന്നാൽ ഇതുകൊണ്ട് എൻസിപി-ശിവസേന-കോൺഗ്രസ് സഖ്യത്തിന് ആശ്വസിക്കാനാവില്ല. മഹാരാഷ്ട്ര ഗവർണർ ദില്ലിക്ക് പോയതും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദില്ലിക്ക് പുറത്തായതും ഈ സഖ്യത്തിന് തിരിച്ചടിയാണ്.
തിരുപ്പതിയിലുള്ള ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ നാളെയേ മടങ്ങൂ എന്നാണ് വിവരം. തിരുപ്പതി ക്ഷേത്രത്തിലെ സഹസ്ര ദീപാലങ്കാര സേവക്ക് കുടുബസമേതം പോയിരിക്കുകയാണ് ചീഫ് ജസ്റ്റിസ്. റിട്ട് ഹർജിയുമായി ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തിയവരെയാണ് ഉദ്യോഗസ്ഥർ ഇക്കാര്യം അറിയിച്ചത്. എൻസിപി-ശിവസേന-കോൺഗ്രസ് പാർട്ടികൾ സംയുക്തമായാണ് റിട്ട് ഹർജിയുമായി ചീഫ് ജസ്റ്റിസിന്റെ വസതിയിലെത്തിയത്.
മഹാരാഷ്ട്രയിൽ ബിജെപി സർക്കാർ രൂപീകരിച്ചത് ചോദ്യം ചെയ്തുള്ള ഹർജിയിൽ ഇന്ന് തന്നെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇന്ന് ഹർജിയിൽ വാദം കേൾക്കില്ലെന്ന് ഉറപ്പായി. ഹർജിയിൽ നിയമസഭാ സമ്മേളനം ഉടൻ വിളിച്ചുചേർക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.
ബിജെപിയുടെ അപ്രതീക്ഷിത നീക്കത്തിൽ ഒരുപോലെ ഞെട്ടിയിരിക്കുകയാണ് കോൺഗ്രസും ശിവസേനയും എൻസിപിയും. മുഖ്യമന്ത്രി ആരാവണമെന്ന് വരെ തീരുമാനിച്ച് സഖ്യവുമായി മുന്നോട്ട് പോവുന്നതിനിടെയാണ് അജിത് പവാർ ബിജെപി പക്ഷത്തേക്ക് ചാടിയത്. നേരം ഇരുട്ടിവെളുത്തപ്പോൾ അജിത് പവാറിനെയും ഒപ്പം കൂട്ടി ബിജെപി സർക്കാരുണ്ടാക്കി. ആ ഘട്ടത്തിൽ എല്ലാവരും സംശയിച്ചത് ശരദ് പവാറിനെയാണെങ്കിലും ഇപ്പോൾ ബിജെപിയുടെ നീക്കങ്ങളെ ചെറുക്കാൻ ശക്തമായ കരുനീക്കങ്ങളുമായി പ്രതിപക്ഷ നിരയിൽ മുന്നിൽ തന്നെയുണ്ട് ശരത് പവാർ