കുന്നംകുളത്ത് വിദ്യാഭ്യാസ മേഖലയില്‍ 63 കോടി രൂപ ചിലവഴിച്ചു : മന്ത്രി മൊയ്ദീന്‍ .
കുന്നംകുളം : കുന്നംകുളം നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇതേവരെ 63 കോടി രൂപ ചെലവഴിച്ചതായി തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കടങ്ങോട് ഗ്രാമപഞ്ചായത്തിലെ പാറപ്പുറം ഗവ. എല്‍ പി സ്കൂളില്‍ മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 62 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നിയോജക മണ്ഡലത്തിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതിയ കെട്ടിട നിര്‍മാണങ്ങള്‍ അവസാന ഘട്ടത്തിലാണ്. കടങ്ങോട് പഞ്ചായത്തില്‍ മാത്രം നിലവില്‍ അഞ്ചുകോടി രൂപയുടെ സ്കൂള്‍ കെട്ടിട നിര്‍മാണമാണ് നടന്നുവരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കുന്നംകുളം നഗരത്തിന്‍റെ വികസനങ്ങള്‍ക്കായി 125 കോടി രൂപ ചെലവഴിക്കും. നഗരത്തിലെ പട്ടാമ്പി റോഡിലെ കുപ്പികഴുത്ത് മാറ്റി റോഡ് വികസിപ്പിക്കും. ഇതിന്‍റെ ഭാഗമായി പോര്‍ക്കുളത്തേക്കും നിലവാരമുള്ള പാത നിര്‍മിക്കും. വടക്കാഞ്ചേരി- കുന്നംകുളം പാതയെ മികവുറ്റ രീതിയില്‍ പുനര്‍ നിര്‍മിക്കും. കടങ്ങോട് ഗ്രാമപഞ്ചായത്തിലെ ആദൂര്‍ വഴിയുള്ള നീണ്ടൂര്‍ – വെള്ളറക്കാട് റോഡ് നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 കോടി രൂപ ചെലവില്‍ വികസിപ്പിക്കും. കലശമല ഇക്കോടൂറിസം പദ്ധതിയുടെ ഭാഗമായുള്ള രണ്ടാം ഘട്ട വികസനത്തിന് 10 കോടി രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രമണി രാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം കല്യാണി എസ് നായര്‍, കടങ്ങോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സുഗിജ സുമേഷ്, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ എം നൗഷാദ്, കെ ആര്‍ സിമി, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം എ എം മുഹമ്മദ് കുട്ടി, വിദ്യാലയ വികസന സമിതി കണ്‍വീനര്‍ പി വി കൃഷ്ണന്‍, മറ്റ് ജനപ്രതിനിധികള്‍, പ്രധാനാധ്യാപിക വി കെ ബീന, പി ടി എ പ്രസിഡന്‍റ് സി കെ രമേഷ് എന്നിവര്‍ പങ്കെടുത്തു.